
സംസ്ഥാനത്തെ മുഖ്യമന്ത്രി പോരിൽ വീണ്ടും പ്രതികരണവുമായി കെ മുരളീധരൻ. ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ജനവികാരം കണക്കിലെടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് വ്യക്തമാക്കി. പ്രകടനങ്ങള്‍ നാട്ടുകാര്‍ കണ്ട് ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെ പതിവാണ്. ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഒരു പ്രശ്നവുമില്ല. ഞായറാഴ്ച തീരുമാനം വരും. അന്തിമ തീരുമാനം വന്നിട്ട് തന്റെ അഭിപ്രായം പറയാമെന്നും മുരളീധരന് പറഞ്ഞു.
അടുത്ത മുഖ്യമന്ത്രിയായി ആരെ പാര്‍ട്ടി തീരുമാനിച്ചാലും താൻ അത് അംഗീകരിക്കും. നിലവില്‍ ഒരു പ്രശ്നവുമില്ല. താന്‍ ആരെയാണ് പിന്തുണച്ചതെന്ന് പറയുന്നതില്‍ ഒരു മടിയുമില്ല. തീരുമാനമുണ്ടായ ശേഷം അത് ആരായിരുന്നുവെന്നത് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്ക്, അജയ് മാക്കന് എന്നിവര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.






