
തിരുവനന്തപുരം: കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണയക നീക്കങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവമാകുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വീശുന്നത്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയില്‍, തിരഞ്ഞെടുക്കപ്പെട്ട 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോർട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് ജി വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടിയാണ് എംഎല്‍എമാരുടെ നിലപാട് നല്‍കുന്നത്.
ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎല്‍എമാർ പിന്തുണച്ചു. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു.







