
യൂറോപ്യൻ രാജ്യങ്ങളിൽ വെയർ ഹൗസ് സൂപ്പർവൈസർ ജോലി വാഗ്ദാനം; മൂന്ന് പേരിൽ നിന്ന് 16.5 ലക്ഷം വാങ്ങി അസർബൈജാനിൽ താമസിപ്പിച്ച് തട്ടിപ്പ്; കേസിൽ രണ്ട് പേർ പിടിയിൽ; പ്രതികൾ കൂടുതൽ തട്ടിപ്പുകൾക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ തമിഴ്നാട് സ്വദേശികളെ കൊല്ലം കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കരൂർ സ്വദേശി ശശികുമാർ, ഇയാളുടെ സഹായിയായ രാമനാഥപുരം സ്വദേശി ഗുരു കാളീശ്വരം എന്നിവരാണ് പിടിയിലായത്.
യൂറോപ്യൻ രാജ്യമായ ലിത്വാനിയയിൽ വെയർ ഹൗസ് സൂപ്പർവൈസർ ജോലി വാഗ്ദാനം ചെയ്താണ് കൊട്ടിയം സ്വദേശികളായ മൂന്ന് പേരിൽ നിന്ന് 16.5 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തത്. കൊട്ടിയം സ്വദേശികളെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് അസർബൈജാനിൽ എത്തിച്ച് അവിടെ താമസിപ്പിച്ചു. രണ്ട് മാസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാതായതോടെ കൊട്ടിയം സ്വദേശികൾ ഇന്ത്യൻ എംബസിയെ സമീപിച്ച് നാട്ടിൽ തിരിച്ചെത്തി.
തുടർന്ന് പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തമിഴ്നാട്ടിൽ അഞ്ച് ദിവസം താമസിച്ചാണ് കൊട്ടിയം പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾ കൂടുതൽ തട്ടിപ്പുകൾക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തുടനീളം വിദേശ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിൽ മാന്നാറിൽ പിടിയിലായ ഹനീഫിനെതിരെ രണ്ട് കേസുകൂടി രജിസ്റ്റർ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാന്നാർ സ്വദേശികളായ അജിത്ത്, രജിത എന്നിവരാണ് കേസിൽ അറസ്റ്റിലായ ഹനീഫിനെതിരെ മാന്നാർ പൊലീസിൽ പരാതി നൽകിയത്. ഇത് കൂടാതെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, മണ്ണഞ്ചേരി, പട്ടണക്കാട്, മുഹമ്മ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലും സമാനമായ കേസിൽ പ്രതിക്കെതിരെ ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.