ജസ്‌നയെ കാണാതായ ദിവസം ബന്ധു പരുന്തുംപറയിൽ; സംശയത്തോടെ പോലീസ്.

ജസ്‌നയെ കാണാതായ ദിവസം ബന്ധു പരുന്തുംപറയിൽ; സംശയത്തോടെ പോലീസ്.

സ്വന്തം ലേഖകൻ

കോട്ടയം: മുക്കുട്ടുതറയിൽ നിന്ന് കാണാതായ ബിരുദവിദ്യാർഥിനി ജസ്ന മരിയക്ക് വേണ്ടി ചൊവ്വാഴ്ച തുടങ്ങിയ തിരച്ചിൽ ബുധനാഴ്ചയും തുടരുകയാണ്. ജസ്നയെ കാണാതായിട്ട് മൂന്ന് മാസത്തോട് അടുക്കാനിരിക്കേ പോലീസ് വ്യത്യസ്തമായ വഴികളെല്ലാം തേടുന്നത്. അതിനിടെയാണ് ജസ്നയെ കാണാതായ ദിവസം ബന്ധു പോലീസ് തിരയുന്ന പ്രദേശത്ത് എത്തിയെന്ന വിവരം ലഭിച്ചിരിക്കുന്നത്. ഈ വിവരം കേസ് അന്വേഷണത്തിൽ നിർണായകമായേക്കുമെന്നാണ് പോലീസ് കരുതുന്നത്. പത്ത് സംഘങ്ങളായി തിരിഞ്ഞ് ജില്ലകളിലെ വനമേഖലകളിലാണ് പോലീസ് പരിശോധന. വനത്തിലെ വഴികൾ അറിയുന്ന പ്രദേശവാസികളും ജസ്ന പഠിച്ചിരുന്ന എസ്.ഡി കോളജിലെ 20 വിദ്യാർഥികളും പോലീസ് സംഘത്തിനൊപ്പമുണ്ട്.
ജസ്നയ്ക്ക് ഇടുക്കിയിലെ വനമേഖലകൾ സുപരിചിതമാണെന്ന് പോലീസിന് അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്നാണ് ഈ മേഖല അരിച്ചുപെറുക്കാൻ തീരുമാനിച്ചത്. ജസ്ന ഈ ഭാഗത്തേക്ക് പോയിട്ടുണ്ടോ എന്ന സംശയത്തിൽ തീർപ്പ് കൽപ്പിക്കുകയും പോലീസിന്റെ ലക്ഷ്യമാണ്. ജസ്നയെ കാണാതായ ദിവസം പരുന്തുംപാറയിൽ ജസ്നയുടെ ബന്ധു എത്തിയിരുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എന്തിനാണിതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇതേ പറ്റി പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിൽ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല എന്നത് പോലീസിനും നാണക്കേടായിട്ടുണ്ട്. കൃത്യമായ ചില വിവരങ്ങൾ അറിയുന്നവർ ഇപ്പോഴും ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ഈ വിവരങ്ങൾ കണ്ടത്താനാണ് പോലീസിന്റെ പുതിയ നീക്കം. ഇതിനായി പത്തോളം പെട്ടികൾ സ്ഥാപിക്കാനും ജസ്നയെ കുറിച്ച് അറിയാവുന്നത്, ജസ്നയുടെ ബന്ധങ്ങൾ തുടങ്ങി എന്തു കാര്യങ്ങളും എഴുതി പെട്ടിയിലിടാം, പേര് വെളിപ്പെടുത്തേണ്ട. നേരത്തെ ജസ്നയെ കുറിച്ചുള്ള വിവരങ്ങൾകൈമാറുന്നവർക്ക് പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു.