പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ; കമാൽ പാഷ.

പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ; കമാൽ പാഷ.

സ്വന്തം ലേഖകൻ

തൃശൂർ:വധശിക്ഷ നിർത്തണമെന്നും അപരിഷ്‌കൃതമെന്നും പറയാൻ എളുപ്പമാണ്. പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ. ഇരയാക്കപ്പെടുന്ന കുടുംബത്തിനും മനുഷ്യാവകാശമുണ്ടെന്ന് ആക്ടിവിസ്റ്റുകൾ മറക്കരുത്.അവർക്കാണ് കൂടുതൽ മനുഷ്യാവകാശം വേണ്ടത്. അതിനാൽ കൊല്ലേണ്ടവനേ കൊന്നു കളയണം. അതാണ് നാടിനും മനുഷ്യർക്കും ഉത്തമം. അപൂർവങ്ങളിൽ അപൂർവമായ കൊലപാതകം നടത്തിയവരെ കൊല്ലുകതന്നെ വേണമെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ. പട്ടാപ്പകൽ അകാരണമായി നടുറോഡിൽ കുത്തിമലർത്തുന്നവന് വധശിക്ഷ നൽകിയില്ലെങ്കിൽ പിന്നെ നീതി നോക്കുകുത്തിയാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. തൃശൂർ പ്രസ്‌ക്ലബിന്റെ ടി. വി. അച്യുത വാര്യർ പുരസ്‌കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അതിക്രൂര കൊലപാതകം നടത്തി ജയിലിൽനിന്നും ശിക്ഷാ നടപടികൾക്ക് ശേഷം സമൂഹത്തിലേക്ക് തിരിച്ചയക്കാൻ പറ്റാത്തയാളെ ശാപ്പാട് നൽകി പോറ്റേണ്ടതില്ല. പരോളില്ലാതെ 40 വർഷം ജയിലിൽ കഴിഞ്ഞ് മനോരോഗിയായി പുറത്തുവരുന്നതിലും ഭേദം കൊന്നുകളയുന്നതല്ലെയെന്നും അദ്ദേഹം ചോദിച്ചു. വധശിക്ഷ ഇന്ത്യൻ പീനൽകോഡിൽ നിലനിൽക്കുന്നിടത്തോളം അപരിഷ്‌കൃതമാണെന്ന് പറയാൻ അവകാശമില്ല. വ്യക്തിപരമായി സ്വർഗത്തിൽപോകുമോ, നരകത്തിൽപോകുമോ എന്നു ചിന്തിച്ച് ഒരു പ്രതിയെ ശിക്ഷിക്കാതിരിക്കുന്നത് ഭരണഘടനക്ക് എതിരാണ്.അത്തരം ന്യായാധിപൻമാർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ല. 18 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ അഞ്ഞൂറോളം കൊലക്കേസുകളാണ് പരിഗണിച്ചത്. ഇതിൽ പന്ത്രണ്ടോളം കേസുകളിൽ കുറ്റക്കാർക്ക് വധശിക്ഷ നൽകി. ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച വേളയിൽ ഇതിലൊന്നിൽ പോലും കുറ്റബോധം തോന്നിയിട്ടില്ല.
സർവിസിലിരിക്കെ വധശിക്ഷ വിധിച്ച വി.ആർ. കൃഷ്ണയ്യർ അടക്കം പ്രമുഖ ജസ്റ്റിസുമാർ പിന്നീടാണ് വധശിക്ഷ അപരിഷ്‌കൃതമാണെന്ന നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.