ജസ്‌നയുമായി രൂപസാദൃശ്യം; മുണ്ടക്കയംകാരി അലീഷയ്ക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാതായി

ജസ്‌നയുമായി രൂപസാദൃശ്യം; മുണ്ടക്കയംകാരി അലീഷയ്ക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാതായി

Spread the love

ശ്രീകുമാർ

മുണ്ടക്കയം: ജസ്‌നയുടെ രൂപസാദൃശ്യമുള്ള മുണ്ടക്കയം സ്വദേശിനി അലീഷയ്ക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാതായി. മുണ്ടക്കയം വെള്ളനാടി സ്വദേശിനി അലീഷയ്ക്കാണ് ജസ്നയുടെ രൂപസാദൃശ്യമുണ്ടെന്ന പേരിൽ പണികിട്ടിക്കൊണ്ടിരിക്കുന്നത്. ജസ്‌നയെ മുണ്ടക്കയത്തെ സി സി ടി വി ദൃശ്യങ്ങളിൽ കണ്ടുവെന്ന് വാർത്ത പരന്നതോടെയാണ് അലീഷയ്ക്ക് പണികിട്ടാൻ തുടങ്ങിയത്. ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ ജസ്‌നയല്ലേ എന്നു ചോദിച്ച് പലരും അടുത്തുവരുകയും സംസാരിക്കുകയും ചിത്രങ്ങൾ എടുക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് അലീഷയ്ക്ക് വീടിനു പുറത്ത് ഇറങ്ങാൻ പറ്റാതായത്. ജസ്‌നയുടേതിനു സമാനമായ വീതിയുള്ള കണ്ണടയും പല്ലിൽ കമ്പിയിട്ടിരിക്കുന്നതും മുഖ സാദൃശ്യവും അലീഷയെ കുഴപ്പത്തിലാക്കി. എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജസ്‌ന മരിയ ജെയിംസിന്റെ (20) തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ജസ്‌നയെ മുണ്ടക്കയത്ത് കണ്ടുവെന്ന് പലരും പോലീസിൽ വിളിച്ചറിയിക്കുന്നത്. കോരുത്തോട് സി.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നു പ്ലസ്ടു പാസായി ഡിഗ്രി പ്രവേശനത്തിനു കാത്തിരിക്കുകയാണ് അലീഷ.