
പൂവിന് പൊന്നുവില ; കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ഡിമാൻഡ് ; കത്തിക്കയറി മുല്ലപ്പൂവിന്റെ വില ; കിലോയ്ക്ക് 6000 രൂപ വരെ ; വേനൽ കടുത്തതും വില ഉയരാൻ കാരണമായി
കൊല്ലം: കേരളത്തിലും തമിഴ്നാട്ടിലും പൂവിപണിയിൽ മുല്ലപ്പൂവിന്റെ വില ഞെട്ടിച്ചു. മൊത്തവ്യാപാരികൾ കിലോ 5700 രൂപയ്ക്ക് വിറ്റപ്പോൾ ചെറുകടകളിൽ കിലോയ്ക്ക് 6000 രൂപ വരെയായിരുന്നു വില.
തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള ശങ്കരൻകോവിൽ, മധുര എന്നിവിടങ്ങളിലെ ചന്തകളിൽ നിന്ന് ഏജന്റുമാർ ലേലം പിടിച്ചാണ് ജില്ലയിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തിക്കുന്നത്. വേനൽ കടുത്തതിനാൽ വിപണിയിലേക്ക് എത്തുന്ന മുല്ലപ്പൂവിന്റെ അളവ് കുറഞ്ഞതും വില ഉയരാൻ കാരണമാണ്.
തൈപ്പൂയം, ഭരണി എന്നിവ പ്രമാണിച്ച് ഏറെ ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുന്നതും മുല്ലപ്പൂവിന്റെ ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ പൂർണമായും വളർച്ചയെത്താത്ത കരിമൊട്ടുകളാണ് തമിഴ്നാട്ടിൽ നിന്ന് വരുന്നതെന്ന പരാതിയുമുണ്ട്. രണ്ട് ദിവസം മുമ്പ് തന്നെ മുല്ലപ്പൂവിന്റെ വില ഉയർന്നുതുടങ്ങിയിരുന്നു. രണ്ട് വർഷം മുമ്പ് മുല്ലപ്പൂവിന്റെ വില പതിനായിരം രൂപ വരെ എത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
