
45 വര്‍ഷം ഒരേ ബസില്‍ ഡ്രൈവര്‍, ജാസ്മിൻ്റെ ഡ്രൈവർ സീറ്റിൽ വളയം പിടിക്കാൻ ഇനി വിശ്വനാഥൻ ഇല്ല
പത്തനംതിട്ട: ഉയിരുപോലെ അരനൂറ്റാണ്ടോളം ഒരു ബസിനൊപ്പം സഞ്ചരിച്ച മനുഷ്യൻ ജീവിതയാത്ര പൂർത്തിയാക്കി മറഞ്ഞു. ജാസ്മിന്റെ ഡ്രൈവർ സീറ്റില്‍ വളയം പിടിക്കാൻ ഇനി വിശ്വനാഥനില്ല.
രോഗത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ടായിരുന്നു അന്ത്യം. പത്തനംതിട്ട-അടൂർ റൂട്ടില്‍ വർഷങ്ങളായി സർവീസ് നടത്തുന്ന ജാസ്മിൻ ബസ് എന്നാല്‍ പത്തനംതിട്ടക്കാർക്ക് ഡ്രൈവർ സി.ആർ. വിശ്വനാഥനും കണ്ടക്ടർ ജെ.നൂറുദ്ദീനുമായിരുന്നു.
45 വർഷം ജാസ്മിന്റെ ഡ്രൈവറായിരുന്നു കുമ്ബഴ നെടുമനാല്‍ ചരിവുകാലായില്‍ വിശ്വനാഥൻ.
ഒരുവർഷം മുമ്പ് ജോലിയില്‍നിന്ന് മാറിയെങ്കിലും ഇടയ്ക്കിടെ ബസിലെത്തി പഴയ ഓർമകളിലേക്ക് വളയം പിടിക്കുമായിരുന്നു.
അരനൂറ്റാണ്ടോളം തനിക്കൊപ്പമുണ്ടായിരുന്ന ഡ്രൈവറെയും കണ്ടക്ടറെയും കൈവിടാതിരിക്കാനാണ് ഹാജി എം.മീരാസാഹിബ് എന്ന ഉടമ ഇവർക്കായി ബസ് നിലനിർത്തിയത്.
അമിതവേഗമോ മറ്റു ബസുമായി മത്സരത്തിനോ വിശ്വനാഥൻ മുതിരാറില്ല. എന്നാല്‍ എത്തേണ്ട സമയത്ത് യഥാസ്ഥലത്ത് ബസ് എത്തും.
വിദ്യാർഥികള്‍, ഉദ്യോഗസ്ഥർ, മറ്റ് സ്ഥിരം യാത്രക്കാർ എന്നിവർക്കെല്ലാം വിശ്വനാഥൻ പ്രിയങ്കരനാണ്.
സംസാരത്തില്‍ പലയിടത്തും ‘എന്റെ യാത്രക്കാർ’ എന്നറിയാതെ വരും.
നല്ല റോഡാണെങ്കില്‍ ജാസ്മിൻ ബസിന്റെ സീറ്റില്‍ വെക്കുന്ന ഒരു ഗ്ലാസ് വെള്ളം തൂകിപ്പോകില്ലെന്ന യാത്രക്കാരന്റെ കമന്റ് എന്നും വിശ്വനാഥന്റെ മനസ്സിലുണ്ടായിരുന്നു. അരനൂറ്റാണ്ടിന്റെ ഓട്ടത്തിനിടയില്‍ ഒരിക്കല്‍പോലും അപകടം ഉണ്ടാക്കിയിട്ടില്ലെന്നത് അതിന്റെ അടയാളമായിരുന്നു.
അപകടമുണ്ടാക്കാത്ത ബസ് ഡ്രൈവറെ മൂന്നുവർഷം മുൻപ് മോട്ടോർ വാഹനവകുപ്പ് അടൂർ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആദരിച്ചിട്ടുണ്ട്.