ജമ്മു കശ്മീർ ഗവർണർ ഭരിക്കുന്നത് ഇത് ഏഴാം തവണ

ജമ്മു കശ്മീർ ഗവർണർ ഭരിക്കുന്നത് ഇത് ഏഴാം തവണ

Spread the love

സ്വന്തം ലേഖകൻ

ശ്രീനഗർ: നാലു ദശകത്തിനിടെ ജമ്മു കശ്മീർ ഗവർണർ ഭരണത്തിനു കീഴിലായത് ഏഴു തവണ. ബിജെപി-പിഡിപി സർക്കാർ വീണ സാഹചര്യത്തിൽ വീണ്ടും ഗവർണർ ഭരണം വന്നാൽ എട്ടാം തവണയാകും. ഗവർണർ എൻ.എൻ. വോറയുടെ ഭരണകാലത്ത് കേന്ദ്രഭരണം ഏർപ്പെടുത്തേണ്ടി വരുന്നതു നാലാം വട്ടവും. 2008 ജൂൺ 25ന് ആണ് വോറ ഗവർണറായത്. അദ്ദേഹത്തിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭരണപ്രതിസന്ധി. ഏഴുതവണയും കേന്ദ്രഭരണത്തിനു നിമിത്തമായത് ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച മെഹബൂബ മുഫ്തിയുടെ പിതാവ് മുഫ്തി മുഹമ്മദ് സയീദ് ആയിരുന്നു. കഴിഞ്ഞ വർഷം മുഫ്തി അന്തരിച്ചപ്പോൾ ബിജെപി-പിഡിപി സഖ്യം മെഹബൂബയെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നു. സർക്കാർ രൂപീകരണം വൈകിയതോടെ 2016 ജനുവരി എട്ടിനു ഗവർണർ ഭരണം ഏർപ്പെടുത്തി. 2016 ഏപ്രിൽ നാലിനു മെഹബൂബ മുഖ്യമന്ത്രിയായതോടെ അത് അവസാനിച്ചു. കശ്മീരിലെ ആദ്യ കേന്ദ്രഭരണം 1977 മാർച്ചിലായിരുന്നു. നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെ ന്യൂനപക്ഷ സർക്കാരിന് മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെയായിരുന്നു ഇത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഷെയ്ഖ് അബ്ദുല്ല ഭൂരിപക്ഷം നേടി ഭരണത്തിൽ തിരിച്ചെത്തും വരെ, 105 ദിവസം ഗവർണർ കശ്മീർ ഭരിച്ചു. ഗുലാം മുഹമ്മദ് ഷായുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാരിനു മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പിന്തുണ പിൻവലിച്ചപ്പോഴാണ് 1986 മാർച്ചിൽ രണ്ടാമതും ഗവർണർ ഭരണം ഏർപ്പെടുത്തിയത്. ഫാറൂഖ് അബ്ദുല്ല അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ഉണ്ടാക്കിയ കരാറിനൊടുവിൽ 246 ദിവസത്തെ ഗവർണർ ഭരണം അവസാനിച്ചു. മൂന്നാം വട്ടം ഗവർണർ ഭരണം 1990 ജനുവരിയിലാണ്. ജഗ്മോഹനെ ഗവർണറായി നിയമിച്ചതിൽ പ്രതിഷേധിച്ച് ഫാറൂഖ് അബ്ദുല്ല രാജി വച്ചതോടെയാണിത്. വി.പി. സിങ് പ്രധാനമന്ത്രിയായ കേന്ദ്രസർക്കാരിൽ മുഫ്തിയായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. ആറുവർഷവും 264 ദിവസവും അന്ന് ഭരിച്ചു. ഒൻപതു വർഷത്തിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, 1996 ഒക്ടോബറിൽ നാഷണൽ കോൺഫറൻസ് ഭരണത്തിൽ തിരിച്ചെത്തിയതോടെ അവസാനിച്ചു. ആറുവർഷത്തിനുശേഷം നാലാം വട്ടം 2002 ഒക്ടോബറിൽ കശ്മീർ വീണ്ടും ഗവർണർ ഭരണത്തിൻ കീഴിലായി. 2002ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രിശങ്കുസഭ വന്നതോടെയാണിത്. നവംബർ രണ്ടിനു കോൺഗ്രസിന്റെയും 12 സ്വതന്ത്രന്മാരുടെയും പിന്തുണയോടെ മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിൽ പിഡിപി സർക്കാരുണ്ടാക്കും വരെ അതു നീണ്ടു. അഞ്ചാം വട്ടം ഗവർണർ ഭരണം നീണ്ടത് 174 ദിവസം. ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണത്തിന് 2008 ജൂൺ 28നു പിഡിപി പിന്തുണ പിൻവലിച്ചതോടെയാണിത്. സംസ്ഥാനത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല 2009 ജനുവരി അഞ്ചിന് അധികാരമേൽക്കും വരെ അതു നീണ്ടു. 2014 ഡിസംബർ 23നു നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രിശങ്കു സഭ വന്നതോടെയാണ് ആറാം വട്ടവും ഗവർണർ ഭരണം വേണ്ടിവന്നത്. 2015 മാർച്ച് ഒന്നിനു മുഫ്തി മുഹമ്മദ് സയീദ് മുഖ്യമന്ത്രിയായി ബിജെപി-പിഡിപി സഖ്യം ഭരണമേറും വരെ അതു തുടർന്നു.