വരാപ്പുഴ കസ്റ്റഡി മരണം ; നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

വരാപ്പുഴ കസ്റ്റഡി മരണം ; നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. മുൻ എസ് പി
എ.വി.ജോർജിന് ക്ലീൻചിറ്റ് നൽകിയത് ചർച്ച ചെയ്യണമെന്ന ആവശ്യവുമായാണ് വി.ഡി.സതീശൻ നോട്ടീസ് നൽകിയത്. കേസന്വേഷണം പൂർണമായും അട്ടിമറിക്കപ്പെടുന്നുവെന്നും കേസിലെ മുഴുവൻ പ്രതികളും രക്ഷപ്പെടുന്ന അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞു. നിയമോപദേശം അടിയന്തരപ്രമേയമായി പരിഗണിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു. വരാപ്പുഴ കേസ് സഭയിൽ ഉന്നയിക്കാൻ സർക്കാർ സമ്മതിക്കുന്നില്ലെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ.വി.ജോർജിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. നിയമോപദേശം എഴുതിവാങ്ങി എ.വി.ജോർജിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അടിയന്തരപ്രമേയം പരിഗണിക്കാത്ത സ്പീക്കറുടെ നടപടി ഇരട്ടത്താപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.