Spread the love

കൊച്ചി: ഇറാനിയന്‍ പടക്കപ്പലായ ‘ഐ.ആര്‍.ഐ.എസ് ലാവണ്‍’ കൊച്ചി തീരത്ത് സുരക്ഷിതമായി നങ്കൂരമിടുമ്പോള്‍ മേഖലയാകെ അതീവ ജാഗ്രതയില്‍.
അപ്രതീക്ഷിതമായി ഇറാന്‍ യുദ്ധക്കപ്പല്‍ തീരമണഞ്ഞതിനെ തുടര്‍ന്ന് കൊച്ചി നാവിക താവളത്തില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ അടിയന്തര സാഹചര്യത്തില്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന സര്‍വസന്നാഹങ്ങളുമായി പൂര്‍ണ്ണ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

video
play-sharp-fill

സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചി തുറമുഖത്ത് അഭയം തേടിയത്. ദിവസങ്ങളായി കൊച്ചിയില്‍ തുടരുന്ന കപ്പലിലുണ്ടായിരുന്ന നൂറ്റി എണ്‍പത്തി മൂന്ന് നാവികരെയും തികഞ്ഞ സുരക്ഷയോടെ കൊച്ചിയിലെ നാവികതാവളത്തിലേക്ക് മാറ്റിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അന്താരാഷ്ട്ര നാവിക പ്രദര്‍ശനത്തിന് എത്തിയ ഈ പടക്കപ്പലിനെക്കുറിച്ച്‌ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറംലോകത്തിന് യാതൊരു അറിവുമില്ലാതിരുന്നത് വലിയ പ്രതിരോധ ചര്‍ച്ചകള്‍ക്കും കടുത്ത ദുരൂഹതകള്‍ക്കും വഴിവെച്ചിരുന്നു.

അമേരിക്കന്‍ സൈന്യം കപ്പല്‍ തകര്‍ത്തുവെന്നോ, അതല്ലെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയാണെന്നോ ഉള്ള രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് കപ്പല്‍ ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കാവലിലാണെന്ന ആശ്വാസകരമായ വിവരം പുറത്തുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രയ്ക്കിടയില്‍ സംഭവിച്ച ഗുരുതരമായ സാങ്കേതിക തകരാറുകള്‍ കാരണമാണ് കപ്പല്‍ കൊച്ചി തുറമുഖത്ത് അടുപ്പിക്കേണ്ടി വന്നത്. കഴിഞ്ഞ മാസം അവസാനത്തോടെ മറ്റൊരു ഇറാനിയന്‍ കപ്പലായ ഐ.ആര്‍.ഐ.എസ് ബുഷറിനൊപ്പം ലാവണും മുംബൈയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ലാവണിനെക്കുറിച്ച്‌ പെട്ടെന്ന് വിവരങ്ങള്‍ ഇല്ലാതായത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം കപ്പല്‍ അടുപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ ഭരണകൂടം ഇന്ത്യയ്ക്ക് അടിയന്തര അഭ്യര്‍ഥന നല്‍കുകയായിരുന്നു.

കപ്പലിന്റെ സാങ്കേതിക തകരാര്‍ പരിഗണിച്ച്‌ കൊച്ചി തീരത്ത് നങ്കൂരമിടാന്‍ കേന്ദ്ര ഭരണകൂടം അനുമതി നല്‍കുകയും കപ്പല്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിടുകയും ചെയ്തു. സമാനമായ രീതിയില്‍ ഇറാന്റെ മറ്റ് സൈനിക കപ്പലുകളും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇതിനോടകം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുണ്ടായിരുന്ന ഇറാന്റെ സൈനിക വാഹിനിയായ ബുഷര്‍ നിലവില്‍ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് എത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇറാന്റെ മറ്റൊരു പ്രധാന കപ്പലായ ഐ.ആര്‍.ഐ.എസ് സഹന്ദ് അടുത്തിടെ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര നാവിക പ്രദര്‍ശനത്തിലും പങ്കെടുത്തിരുന്നു.

അതേസമയം, കൊച്ചി നാവിക താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അതീവ സുരക്ഷയ്ക്ക് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. സമാനമായ സാഹചര്യത്തില്‍ നേരത്തേ ഇറാന്റെ മറ്റൊരു പടക്കപ്പലായ ഐ.ആര്‍.ഐ.എസ് ദേനയെ ശ്രീലങ്കയ്ക്ക് അടുത്തുവെച്ച്‌ അമേരിക്കന്‍ സൈന്യം ആക്രമിച്ചിരുന്നു. മാരകശേഷിയുള്ള ആണവ അന്തര്‍വാഹിനി ഉപയോഗിച്ചായിരുന്നു ഈ കടന്നാക്രമണം നടന്നത്. വിശാഖപട്ടണത്തുവച്ചു നടന്ന ‘മിലന്‍’ നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ ആക്രമണം ഉണ്ടായത്.

അമേരിക്കയും ഇറാനും തമ്മിലുള്ള ഈ യുദ്ധസമാനമായ സംഘര്‍ഷാവസ്ഥ ഇപ്പോഴും പുകയുന്നതിനാലാണ് ഇറാനിയന്‍ കപ്പല്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നാവികസേന അതീവ ജാഗ്രത പുലര്‍ത്തുകയും അറബിക്കടലിലുടനീളം നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്തിരിക്കുന്നത്. അമേരിക്കന്‍ ഭീഷണി കാരണമാണ് കൊച്ചിയില്‍ കപ്പല്‍ അടുപ്പിച്ചതെന്നും വിലയിരുത്തലുണ്ട്.