
മുള്ളൻപൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് സീസണിലെ ആദ്യ തോല്‍വി.
ഹോം ഗ്രൗണ്ടില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ പഞ്ചാബിനെ രാജസ്ഥാൻ റോയല്‍സാണ് ആറ് വിക്കറ്റിന് തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം നാലു പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി രാജസ്ഥാന് മറികടന്നു.
അര്‍ധസെഞ്ചുറികള്‍ നേടിയ യശസ്വി ജയ്സ്വാളും ഡൊണോവന്‍ ഫെരേരയും തകര്‍ത്തടിച്ച വൈഭവ് സൂര്യവംശിയും ശുഭം ദുബെയുമാണ് രാജസ്ഥാന്റെ ജയം ആധികാരികമാക്കിയത്. ജയത്തോടെ രാജസ്ഥാന് 9 മത്സരങ്ങളില്‍ 12 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും 13 പോയന്റുള്ള പഞ്ചാബ് തന്നെയാണ് ഒന്നാമത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 222-4, രാജസ്ഥാന് റോയല്‍സ് 19.2 ഓവറില്‍ 228-4.
26 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഡൊണോവന്‍ ഫെരേരയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ജയ്സ്വാള്‍ 27 പന്തില്‍ 51 റണ്‍സടിച്ചപ്പോള്‍ ശുഭം ദുബെ 12 പന്തില്‍ 31 റണ്‍സുമായി ഫെരേരക്കൊപ്പം വിജയത്തില്‍ കൂട്ടായി. വൈഭവ് സൂര്യവംശി 16 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും പറത്തി 43 റണ്‍സെടുത്ത് രാജസ്ഥാന് മിന്നല്‍ തുടക്കം നല്കിയപ്പോള് ക്യാപ്റ്റൻ റിയാന്‍ പരാഗ് 16 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായി.
20 പന്തില്‍ 16 റണ്‍സെടുത്ത ധ്രുവ് ജുറെല്‍ നിരാശപ്പെടുത്തി. ഓപ്പണിംഗ് വിക്കറ്റില്‍ വൈഭവ് സൂര്യവംശി-യശസ്വി ജയ്സ്വാള്‍ സഖ്യം 3.2 ഓവറില്‍ 51 റണ്‍സടിച്ച് രാജസ്ഥാന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്.







