
ലക്നൗ: ലഖ്‌നൗവില്‍ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാള്‍ ഇരുപത്തിരണ്ടുകാരിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി.
ശിവാനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡെലിവറി ഏജന്റായ പ്രേം കുമാർ മാഞ്ചി (23) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മെയ് 14-നായിരുന്നു ശിവാനിയുടെ വിവാഹനിശ്ചയം. ഞായറാഴ്ച ഓഫീസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ശിവാനി രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുശാന്ത് ഗോള്‍ഫ് സിറ്റിയിലെ വനമേഖലയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവാനിക്ക് ഓഫീസിലെ സഹപ്രവർത്തകനുമായുള്ള സൗഹൃദത്തില്‍ പ്രതിക്കുണ്ടായിരുന്ന കടുത്ത അസൂയയും ദേഷ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാവിലെ ശിവാനിയെ ബൈക്കില്‍ വനമേഖലയില്‍ എത്തിച്ച പ്രതി, റബ്ബർ പൈപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സിമന്റ് കട്ട കൊണ്ട് തല തകർക്കുകയും തെളിവ് നശിപ്പിക്കാനായി മൊബൈല്‍ ഫോണ്‍ കനാലില്‍ എറിയുകയും ചെയ്തു.







