
സഞ്ജുവിന്റെയും ധ്രുവിന്റെയും പോരാട്ടം ഫലം കണ്ടില്ല; ഐപിഎല്ലിൽ ആദ്യ ജയം സ്വന്തമാക്കി സൺറൈസേഴ്സ്; 44 റൺസിന് റോയൽസിനെ മുട്ടുകുത്തിച്ചു
ഹൈദരാബാദ്: ഐപിഎല്ലിന്റെ 18-ാം സീസണിൽ ജയത്തോടെ വരവറിയിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. സ്വന്തം ഗ്രൗണ്ടിൽ സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ.
ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും ധ്രുവ് ജുറെലിന്റെയും തകർപ്പൻ പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം. വലിയ വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു.
ആദ്യ ഓവറിൽ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. രണ്ടാം ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായ രാജസ്ഥാന് പവർ പ്ലേ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സഞ്ജുവും ധ്രുവ് ജുറെലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ വലിയ പ്രതീക്ഷയർപ്പിച്ച ആരാധകർക്ക് ഇരുവരും മികച്ച ഇന്നിംഗ്സാണ് സമ്മാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 5 ബൌണ്ടറികളും 6 സിക്സറുകളും പറത്തി 70 റൺസ് നേടിയ ജുറെലായിരുന്നു കൂടുതൽ അപകടകാരി.
മൂന്ന് പന്തുകളുടെ വ്യത്യാസത്തിൽ ഇരുവരെയും മടക്കിയയച്ച് സൺറൈസേഴ് മത്സരം തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്. ഇത് പരാജയത്തിന്റെ ആഘാതം കുറയ്ക്കാനും സഹായകമായി.