
വാഷിങ്ടൻ: യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു.
അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്. ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു അന്‍ഷുല്‍ വരുമാനം കണ്ടെത്തിയിരുന്നത്.
എഡ്ഗലേ സ്ട്രീറ്റില്‍ പുലര്‍ച്ചെ പന്ത്രണ്ടരയോടെ പീത്‍സ ഡെലിവറി ചെയ്യാന്‍ എത്തിയതായിരുന്നു അന്‍ഷുല്‍. ഡെലിവറി കഴിഞ്ഞ് മടങ്ങവെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്‍ഷുല്‍ പീത്‍സ ഡെലിവറി ചെയ്ത വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നും ആള്‍താമസമില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അന്‍ഷുല്‍ കിടന്നതിന്‍റെ തൊട്ടടുത്തായി മൂന്ന് വെടിയുണ്ടയുടെ ഭാഗങ്ങൾ പൊലീസ് കണ്ടെത്തി. വളരെ അടുത്ത് നിന്നാണ് അന്‍ഷുലിനെ വെടിവച്ചതെന്നു പൊലീസ് പറയുന്നു.
രണ്ട് യുവാക്കള്‍ അന്‍ഷുലിന്‍റെ പിന്നാലെ നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പീത്‌സ വേണമെന്ന വ്യാജേന അൻഷുലിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. എത്രയും വേഗം മൃതശരീരം ഇന്ത്യയിലെത്തിക്കുന്നത് സഹായം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു.







