play-sharp-fill
ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങി നിതീഷ് കുമാര്‍ റെഡ്ഡി ; രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ ; ബംഗ്ലാദേശിനെതിരെ  86 റണ്‍സ് ജയം

ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങി നിതീഷ് കുമാര്‍ റെഡ്ഡി ; രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ ; ബംഗ്ലാദേശിനെതിരെ 86 റണ്‍സ് ജയം

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങുന്ന 21 കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡി കത്തിക്കയറിയപ്പോള്‍ ബംഗ്ലാദേശ് ചാരമായി. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകരുടെ പോരാട്ടം 86 റണ്‍സ് അകലെ അവസാനിച്ചു. ജയത്തോടെ മൂന്ന് മ്ത്സര ട്വന്റി 20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ശനിയാഴ്ച ഹൈദരാബാദില്‍ നടക്കും. നിതീഷ് കുമാര്‍ റെഡ്ഡി – റിങ്കു സിംഗ് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. റെഡ്ഡി തന്നെയാണ് കളിയിലെ കേമന്‍.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ നിശ്ചിത ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിക്കൊണ്ടിരുന്നു. കൂറ്റനടികള്‍ക്ക് ശ്രമിച്ച് തെറ്റായ ഷോട്ടുകള്‍ കളിച്ചാണ് അവരുടെ പ്രധാന ബാറ്റര്‍മാര്‍ പുറത്തായത്. ഒരറ്റത്ത് നിലയുറപ്പിച്ച് കളിക്കാന്‍ മുന്‍നിരയിലെ ആര്‍ക്കും കഴിയാത്തതും അവര്‍ക്ക് തിരിച്ചടിയായി. ഓപ്പണര്‍മാരായ പര്‍വേസ് ഹുസൈന്‍ ഇമോന്‍ 16(12), ലിറ്റണ്‍ ദാസ് 14(11), ക്യാപറ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ 11(7), തൗഹിദ് ഹൃദോയ് 2(6) എന്നിങ്ങനെയാണ് ബംഗ്ലാ മുന്‍നിരയുടെ സംഭാവന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഹ്ദി ഹസന്‍ മിറാസ് 16(16), ജേക്കര്‍ അലി 1(2) എന്നിവരും നിരാശപ്പെടുത്തി. റിഷാദ് ഹുസൈന്‍ 9(10), തന്‍സീം സക്കീബ് 8(10) റണ്‍സ് വീതവും നേടി. 41(39) റണ്‍സ് നേടിയ മുഹമ്മദുള്ള റിയാദ് ആണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ബൗള്‍ ചെയ്ത എല്ലാവരും വിക്കറ്റ് നേടി. ഏഴ് ബൗളര്‍മാരെയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബംഗ്ലാദേശിനെതിരെ പരീക്ഷിച്ചത്. വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ്മ, മായങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. അഞ്ച് ഓവറിനുള്ളില്‍ 41 റണ്‍സ് നേടുന്നതിനിടെ സഞ്ജു സാംസണ്‍ 10(7), അഭിഷേക് ശര്‍മ്മ 15(11), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 8(10) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. പിന്നീടാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്ന നിതീഷ് റെഡ്ഡി 74(34), റിങ്കു സിംഗ് 53(29) കൂട്ടുകെട്ട് പിറന്നത്. നാലാം വിക്കറ്റില്‍ 108 റണ്‍സാണ് 69 പന്തുകളില്‍ നിന്ന് ഇരുവരും അടിച്ചെടുത്തത്. നാല് ഫോറും ഏഴ് സിക്‌സുമാണ് നിതീഷിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. റിങ്കു സിംഗ് അഞ്ച് ഫോറും മൂന്ന് സിക്‌സും നേടി.

പിന്നീട് വന്ന ഹാര്‍ദിക് പാണ്ഡ്യ 32(19), റിയാന്‍ പരാഗ് 15(6) എന്നിവരും വേഗത്തില്‍ റണ്‍നിരക്ക് ഉയര്‍ത്തി. 15 സിക്‌സറുകളും 17 ഫോറുകളും ഉള്‍പ്പെടെ 32 ബൗണ്ടറികളാണ് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത്. ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ നേടിയ ശേഷം രണ്ടാം ഓവറില്‍ മലയാളി താരം സഞ്ജു സാസംസണ്‍ പുറത്തായത് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ താസ്‌കിന്‍ അഹമ്മദ്, തന്‍സീം ഹസന്‍ സക്കീബ്, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.