video
play-sharp-fill

തിരിച്ചടിക്കാൻ ഇന്ത്യ… ഭീകരനേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെടും മുൻപ് ജമ്മു കശ്‌മീരിൽ ഒളിച്ചുകഴിയുന്ന ഭീകരരെ ഇല്ലാതാക്കാനൊരുങ്ങി ഇന്ത്യൻ സുരക്ഷാഏജൻസികൾ; ഭീകരസംഘടനകളിലെ പുതിയ നേതാക്കൾ ആരൊക്കെയെന്ന് കണ്ടെത്താനും നീക്കം

തിരിച്ചടിക്കാൻ ഇന്ത്യ… ഭീകരനേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെടും മുൻപ് ജമ്മു കശ്‌മീരിൽ ഒളിച്ചുകഴിയുന്ന ഭീകരരെ ഇല്ലാതാക്കാനൊരുങ്ങി ഇന്ത്യൻ സുരക്ഷാഏജൻസികൾ; ഭീകരസംഘടനകളിലെ പുതിയ നേതാക്കൾ ആരൊക്കെയെന്ന് കണ്ടെത്താനും നീക്കം

Spread the love

ന്യൂഡൽഹി: പാക്കിസ്ഥാനിലുള്ള ഭീകരനേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെടും മുൻപ്, ജമ്മു കശ്‌മീരിൽ ഒളിച്ചുകഴിയുന്ന രണ്ടും മൂന്നും നിര ഭീകരരെ കണ്ടെത്തി ഇല്ലായ്‌മ ചെയ്യാനാണ് ഇന്ത്യൻ സുരക്ഷാഏജൻസികൾ ഒരുങ്ങുന്നത്.

നുഴഞ്ഞുകയറ്റക്കാരായ ഭീകരരെ പാക്കിസ്ഥാനിൽ കടന്ന് ആക്രമിക്കാനുള്ള പദ്ധതിയെക്കാൾ, ഭീകരസംഘടനകളിലെ പുതിയ നേതാക്കൾ ആരൊക്കെയെന്ന് കണ്ടെത്താനുള്ള നീക്കമാണ് കൂടുതൽ പ്രായോഗികമെന്നു വിലയിരുത്തുന്നു. ജമ്മു കശ്മീരിലെ ഭീകരതയ്ക്കെതിരെ മേഖലയിൽനിന്ന് ഇന്ത്യയ്ക്കു നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ താൽപര്യത്തിനെതിരെ എന്തെങ്കിലും ചെയ്യാൻ താലിബാനും ഇപ്പോൾ താൽപര്യമില്ല.

കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച് അഫ്ഗാൻ വിദേശകാര്യ വകുപ്പ് വക്താവ് അബ്‌ദുൽ ഖഹർ ബൽഖി ബുധനാഴ്‌ച പ്രസ്താവനയിറക്കിയിരുന്നു. സമാധാനവും വികസനവും വേണമെന്ന് കശ്‌മീരിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. പാക്കിസ്ഥാനിൽ കടന്നുള്ള സൈനിക നടപടിയുടെ സാധ്യത പരിശോധിക്കും മുൻപേ ഇന്ത്യയെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ പിന്തുണ കൂടി ഉറപ്പാക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ടാണ് കശ്മീരിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തപ്പി ഇറങ്ങുന്നതിനു സുരക്ഷാ ഏജൻസികൾ ആദ്യപരിഗണന നൽകുന്നത്. ഭീകരതാവളങ്ങൾ കണ്ടെത്താനുള്ള സാങ്കേതിക സഹായംകൂടി തേടിയിട്ടുണ്ട്. രംഗത്തുള്ള ഭീകരരുടെ അടുത്ത നീക്കം മുൻകൂട്ടിയറിഞ്ഞു തടയുകയാണ് ഇതിൽ പ്രധാനം. കശ്മീരിൽ നിദ്രാവസ്ഥയിലുള്ള തീവ്രവാദവിഭാഗങ്ങളെ കുലുക്കിയുണർത്താനാണു പാക്ക് ചാരസംഘടനയായ ഐഎസ്ഐ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു പ്രതിരോധ വിദഗ്‌ധർ പറയുന്നു.

ഇതിനായി സമൂഹമാധ്യമങ്ങളിലും ഭീകര ക്യാംപുകളിലും നടപടികൾ ഊർജിതമാണ്. പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ലഷ്‌കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകൾക്കു ലഭിച്ചിരിക്കുന്ന നിർദേശം കശ്മീരിൽ പ്രാദേശികസംഘങ്ങളെ വളർത്തിയെടുക്കാനാണ്.

നിലവിൽ സജീവമായ അൻസാർ ഗത്തുൽ ഹിന്ദ് (എജിയുഎച്ച്), ഐഎസ് ഓഫ് ജമ്മു കശ്മീർ (ഐഎസ്ജെകെ) എന്നീ സംഘടനകൾ യുവാക്കളെ സ്വാധീനിച്ചു വലയിലാക്കാൻ സജീവമായി രംഗത്തുണ്ട്. ഇക്കാരണത്താൽ, ഐഎസ്ഐയുടെ പദ്ധതികളെ തകർക്കണമെങ്കിൽ ആദ്യം വേണ്ടത് കശ്മീരിൽ രംഗത്തുള്ള ഭീകരസംഘടനകളെയും പുതിയ നേതാക്കളെയും ഇല്ലാതാക്കലാണെന്ന് സുരക്ഷാ വിദഗ്‌ധർ കരുതുന്നു.

പുൽവാമയ്ക്കു തിരിച്ചടിയായി 2019 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയപ്പോൾ ജയ്‌ഷെ മുഹമ്മദിൻ്റെ മുഖ്യതാവളത്തിന്റെ നല്ലൊരുഭാഗമാണു തകർത്തത്. ഇരുനൂറിലേറെ ജയ്ഷ് ഭീകരരെയും വധിച്ചു. ഇതിൽനിന്നു വ്യത്യസ്‌തമായി, കശ്മീരിലെ ഭീകരകേന്ദ്രങ്ങളെ തകർക്കാനാണ് ഇന്ത്യ ഒരുങ്ങുന്നതെന്നാണു സൂചന.

ഈ തിരിച്ചടി എത്രത്തോളം കൃത്യമാകുമെന്നതു കാത്തിരുന്നുകാണാം. ബാലാക്കോട്ട് ആക്രമണമാണ് പാക്ക് ജനറൽമാരെ കശ്‌മീരിലെ പരമ്പരാഗത ഭീകരപ്രവർത്തന രീതികൾ പുനഃപരിശോധിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നു സുരക്ഷാകേന്ദ്രങ്ങൾ നിരീക്ഷിക്കുന്നു. ഇത് ജയ്ഷിനെയും ലഷ്‌കറിനെയും കൂട്ടായി തന്ത്രങ്ങളൊരുക്കാനും പ്രേരിപ്പിച്ചു.

അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങളുടെ നേതൃത്വം രണ്ടും മൂന്നും നിര നേതാക്കൾക്കു കൈമാറുന്നത് ഇതോടെയാണ്. ലഷ്കർ സ്ഥാപകൻ ഹാഫിസ് സായിദും ജയ്‌ഷ് മേധാവി മസൂർ അസ്ഹറും രാജ്യാന്തര ഭീകരപട്ടികയിലായതും ഉപരോധങ്ങൾ നേരിട്ടതും അവർ കശ്‌മീരിൽ നേരിട്ട് ഇടപെടുന്നത് കുറയാൻ കാരണമാകുകയും ചെയ്‌തു.

നേതാക്കൾക്ക് അമിത പബ്ലിസിറ്റി ലഭിക്കുന്നത് ഭീകരസംഘടനകളുടെ നീക്കങ്ങൾക്കു തടസ്സമാകും. സുരക്ഷാ ഏജൻസികൾ എപ്പോഴും നേതാക്കളെ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതാണ് കാരണം. ഇതിനിടെ, ബാലാക്കോട്ടെ പരിശീലന ക്യാംപ് ജയ്‌ഷ് ഭീകരർ വീണ്ടും സജീവമാക്കിയെന്നും റിപ്പോർട്ടുണ്ട്. ഇവിടെയാണ് എകെ 47, റോക്കറ്റ് ലോഞ്ചർ, സ്ഫോടകവസ്‌തുക്കളുടെ ഉപയോഗം എന്നിവയിൽ പരിശീലനം നൽകുന്നത്.