
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്കുന്ന കോര്‍ണിയ ട്രാന്സ്പ്ലാന്റഷന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ചില സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലും സ്വകാര്യ കണ്ണാശുപത്രികളിലും മാത്രം ചെയ്യുന്ന കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ജനറല്‍ ആശുപത്രിയില്‍ നടത്തിയത്.
59 വയസുള്ള കോവളം സ്വദേശിയ്ക്കാണ് കഴിഞ്ഞ 24-ാം തീയതി കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇദ്ദേഹത്തിന് വലത്തെ കണ്ണിന് ചെറുപ്പകാലത്തുണ്ടായ മുറിവാണ് നേത്രപടല അന്ധതക്ക് കാരണമായത്. രോഗി സുഖം പ്രാപിച്ചു വരുന്നു.
രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇബിഎകെ നേത്രബാങ്കില്‍ നിന്നാണ് നേത്രപടലം ലഭ്യമാക്കിയത്. ശസ്ത്രകിയയ്ക്ക് നേതൃത്വം നല്കിയ ജനറല്‍ ആശുപത്രിയിലെ എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങളോളം രൂപ ചിലവാകുന്ന ശസ്ത്രക്രിയയാണ് സൗജന്യമായി ചെയ്തത്. ജില്ലാതല ആശുപത്രികളില്‍ കോര്‍ണിയ ശസ്ത്രക്രിയയില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാരെ കൊണ്ട് കോര്‍ണിയ ട്രാന്‍സ്പ്ലാനറ്റേഷന്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് സര്‍ക്കാര്‍ 2023ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഇതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് കോര്‍ണിയ ട്രാന്സ്പ്ലാന്റഷന് വേണ്ടിയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കി. തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്മോളജി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി അനുമതി നല്കി. കെ സോട്ടോയില്‍ നിന്ന് കോര്‍ണിയ ട്രാന്സ്പ്ലാന്റഷന് ശസ്ത്രക്രിയക്കുള്ള ലൈസന്‍സും നേടിയെടുത്തു.







