
ഇടുക്കി ചിന്നക്കനാലില്‍ പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം അഴിച്ച് വിട്ട് പോലീസുകാരന് കുത്തേറ്റ സംഭവം; ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേര് കൂടി പിടിയില്‍; പിടിയിലായത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്ന് ; സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ എല്ലാവരെയും അറസ്റ്റ് ചെയ്ത് പോലീസ്
സ്വന്തം ലേഖകൻ
ചിന്നക്കലാല്‍: ഇടുക്കി ചിന്നക്കനാലില്‍ കായംകുളം പൊലീസിനെ ആക്രമിച്ച് ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേര് കൂടി പിടിയില്‍. കായംകുളം സ്വദേശി കൊച്ചുമോൻ, കൃഷ്ണപുരം സ്വദേശി പി. സജീര്‍ എന്നിവരാണ് പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്ന് ശാന്തൻപാറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ക്വട്ടേഷൻ സംഘത്തിലെ എല്ലാവരും അറസ്റ്റിലായി.
നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ക്വട്ടേഷൻ സംഘത്തിലെ നാല് പേരെ, സംഭവം നടന്ന തിങ്കളാഴ്ച തന്നെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ കൃഷ്ണപുരത്തെ ഹോട്ടല്‍ ഉടമയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസിലെ പ്രതികളെ തേടിയാണ് തിങ്കളാഴ്ചപുലര്‍ച്ചെ കായംകുളം പൊലീസ് മൂന്നാറിലെത്തിയത്. ചിന്നക്കനാലില്‍ പവര്‍ ഹൗസിനോട് ചേര്‍ന്നുള്ള ഒളിത്താവളത്തില്‍ ക്വട്ടേഷൻ സംഘമുണ്ടെന്ന് തിരിച്ചറിഞ്ഞു. അവിടെയെത്തി രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ഗുണ്ടാസംഘത്തിലെ മറ്റ് നാലു പേര് ഇരച്ചെത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. സിപിഒ ദീപക്കിനെ പല തവണ കുത്തി. മറ്റൊരു പൊലീസുകാരനായ ഷാജഹാന്റെ തലക്കടിച്ചു. പിന്നാലെ കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ച് ക്വട്ടേഷൻ സംഘം കടന്നു. സമീപ സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണ് കായംകുളം പൊലീസിനെ രക്ഷപ്പെടുത്തിയത്. കുത്തേറ്റ ദീപക്കിനെ അന്ന് തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.