
പയ്യന്നൂരിൽ എൻജിനിൽ കുടുങ്ങിയ മൃതദേഹവുമായി ട്രെയിൻ ഓടിയത് പത്ത് കിലോമീറ്റർ
സ്വന്തം ലേഖകൻ
പയ്യന്നൂർ: ട്രെയിൻ തട്ടി മരിച്ച വയോധികന്റെ മൃതദേഹവുമായി ജബൽപൂർ-കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ഓടിയത് പത്ത് കിലോമീറ്റർ ദൂരം.
തൃക്കരിപ്പൂർ മിലിയാട്ടെ തെക്കേ വീട്ടിൽ കുമാരന്റെ (74) മൃതദേഹവുമായാണ് തീവണ്ടി പത്ത് കിലോമീറ്റർ ഓടിയത്. ഇന്നലെ രാവിലെ 9.25 ഓടെയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജബൽപൂർ-കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ഇടിച്ചാണ് കുമാരൻ മരിച്ചത്. തൃക്കരിപ്പൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
അപകടത്തെ തുടർന്ന് തീവണ്ടിയുടെ എൻജിന്റെ മുമ്പിൽ കുടുങ്ങിയ മൃതദേഹവുമായി പത്ത് കിലോമീറ്ററോളമാണ് വണ്ടി ഓടിയത്. തുടർന്ന് പയ്യന്നൂരിലാണ് തീവണ്ടി നിർത്തിയത്.
ഈ വണ്ടിക്ക് പയ്യന്നൂരിൽ സ്റ്റോപ്പില്ല. മൃതദേഹം കണ്ട ഗേറ്റ്മാൻ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് പയ്യന്നൂർ സ്റ്റേഷനിൽ വണ്ടി പിടിച്ചിട്ടത്.
വിവരം അറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നതിനാൽ വണ്ടി ഒരുമണിക്കൂറിലധികം വൈകിയാണ് ജബൽപൂർ-കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് യാത്ര തുടർന്നത്. ചെമ്മങ്ങാട്ട് യശോദയാണ് കുമാരന്റെ ഭാര്യ. മക്കൾ: സി വിനോദ്, വിധുബാല, വിദ്യ.