
ചെറുതോണി: കതിരാകേണ്ട നെല്ലിന് അജ്ഞാതരോഗം ബാധിച്ച് കൃഷി പൂർണമായും നശിച്ചു.കർഷകർ ദുരിതക്കയത്തിൽ.
കഞ്ഞിക്കുഴി പഞ്ചായത്തിൽ നെല്ലിന് അജ്ഞാത രോഗം. 40 ഹെക്ടറോളം സ്ഥലത്തെ നെൽകൃഷി നശിച്ചു. ഇടുക്കിയുടെ നെല്ലറയായി അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി പാടശേഖരത്താണ് നിരവധി കർഷകരുടെ കൃഷി നശിച്ചത്. കൃഷിവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും രോഗം തിരിച്ചറിഞ്ഞിട്ടില്ല.
സർ സി.പിയുടെ കാലത്ത് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സർക്കാർ നേരിട്ട് കർഷകരെ കുടിയിരുത്തിയ പ്രദേശമാണ് മക്കുവള്ളി. പൂർണമായും വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന മക്കുവള്ളി ഗ്രാമത്തിൽ പ്രധാനകൃഷി നെല്ലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു കൃഷികളെ അപേക്ഷിച്ച് കൃഷി ചെലവു കൂടുതലാണെങ്കിലും പരമ്പരാഗത കൃഷി എന്ന രീതിയിൽ കർഷകർ ഓരോ വർഷവും മക്കുവള്ളിയിൽ നെൽകൃഷി ചെയ്തുവരികയാണ്.
എന്നാൽ, ഇത്തവണ കർഷകർക്ക് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഓരോ വർഷവും ഒരു ഹെക്ടറിൽനിന്ന് ശരാശരി 1500 കിലോ മുതൽ 2500 കിലോ വരെ നെല്ല് മക്കുവള്ളി പാടശേഖരത്തിൽനിന്നു ലഭിച്ചിരുന്നു. ഇത്തവണ 150 കിലോ പോലും നെല്ല് ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്.







