
ശാപമോക്ഷം കിട്ടാതെ പ്രളയത്തിൽ തകര്‍ന്ന പാലങ്ങള്‍; തകർന്നത് കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ; ദുരിതത്തിലായി ജനജീവിതം
സ്വന്തം ലേഖിക
മുണ്ടക്കയം: പ്രളയത്തിൽ തകര്‍ന്ന പാലങ്ങള്‍ എട്ട് മാസത്തിന് ശേഷവും പുനര്‍നിര്‍മ്മിക്കാനാവാതെ അധികൃതര്‍.
പ്രാഥമികമായ സഞ്ചാര സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താതെ അവകാശവാദങ്ങളില്‍ ഉന്നയിക്കുകയാണ് അധികൃതർ. പാതി തകര്‍ന്ന ഏന്തയാര്‍ മുക്കുളം പാലം നിര്‍മ്മാണത്തിന് ഇതുവരെ നടപടിയായിട്ടില്ല. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിനു പകരം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കത്തില്‍ ഇതിലൂടെ ബൈക്ക് പോകുമായിരുന്നെങ്കിലും കൂടുതല്‍ ബലക്ഷയം സംഭവിച്ചതോടെ കാല്‍നടയാത്ര മാത്രമായി ചുരുക്കി. കൂട്ടിക്കല്‍ ചപ്പാത്ത് പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ ഇനിയും പുനസ്ഥാപിച്ചിട്ടില്ല.
കൂടുതല്‍ നാശനഷ്ടം ഏറ്റ ഏഴാം വാര്‍ഡ് ഇളംകാടിന്റെ സ്ഥിതി ദയനീയമാണ്.
പുറം ലോകവുമായി ബന്ധിക്കുന്ന ഏഴ് പാലങ്ങളാണ് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ വാര്‍ഡില്‍ തകര്‍ന്നത്. ഇളംകാട് ടൗണ്‍ പാലം തകര്‍ന്നതോടെ ഇളംകാട് ടോപ്പിലേക്കുള്ള ബസ് സര്‍വീസ് നിലച്ചു.
15 രൂപ മുടക്കി ടൗണില്‍ എത്തിയിരുന്ന ആളുകള്‍ക്ക് ഇപ്പോള്‍ 100 രൂപ ഓട്ടോകൂലി കൊടുക്കണം. സാധനങ്ങള്‍ എത്തിക്കാന്‍ വഴി ഇല്ലാത്തതിനാല്‍ റേഷന്‍ കട ടൗണിലേക്ക് മാറ്റി.
ഇതോടെ സൗജന്യമായി ലഭിക്കുന്ന അരി വാങ്ങാന്‍ പോലും 100 രൂപ മുടക്കണം എന്ന സ്ഥിതിയായി.
തകര്‍ന്ന മ്ലാക്കര പാലത്തിനു പകരം തടിപ്പാലം നിര്‍മിച്ചുവെങ്കിലും വലിയ വാഹനങ്ങള്‍ കടന്നു പോകുമായിരുന്നില്ല. ഇതോടെ സ്വകാര്യ പുരയിടത്തിലൂടെ റോഡ് വെട്ടിയെങ്കിലും ഇത് പിന്നീടുണ്ടായ മഴയില്‍ ഒലിച്ചുപോയി. തുടര്‍ന്ന് താത്കാലിക ക്രമീകരണങ്ങള്‍ ചെയ്ത് പാലത്തിലൂടെ ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.
ടൗണ്‍ പാലത്തിനും മ്ലാക്കര പാലത്തിനും സര്‍ക്കാര്‍ തുക അനുവദിച്ചുവെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്.
ഇളംകാട് ടോപ്പിന്റെയും മുകളില്‍ മൂപ്പന്‍മല പാലം തകര്‍ന്നതോടെ അക്കരെ അകപ്പെട്ടുപോയ വാഹനങ്ങള്‍ രണ്ടു മാസം മുന്‍പാണ് ഇക്കരെയെത്തിച്ചത്. സേവാഭാരതിയുടെ നേതൃത്വത്തില്‍ തടികൊണ്ട് വാഹനങ്ങള്‍ പോകാന്‍ കഴിയുന്ന രീതിയില്‍ പാലം നിര്‍മിക്കുകയായിരുന്നു.
താല്‍കാലിക പരിഹാരം ആയെങ്കിലും തടിപ്പാലത്തിലൂടെ ഭീതി നിറഞ്ഞ യാത്ര എത്രനാള്‍ എന്നാണ് നാട്ടുകാരുടെ ചോദ്യം.
39 ഭാഗത്തെ പാലം നിന്നിടത്ത് ഇപ്പോള്‍ ഒന്നുമില്ല. നാട്ടുകാര്‍ ചേര്‍ന്ന് ആറ്റില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് ഇപ്പോള്‍ വഴിയൊരുക്കിയത്. ആറ്റില്‍ വെള്ളം കൂടിയാല്‍ 25 ഓളം കുടുംബങ്ങള്‍ക്ക് സഞ്ചാര മാര്‍ഗമില്ലാതാകും. ഏഴാം വാര്‍ഡിലെ ബസ് വരുന്ന റോഡുകള്‍ പോലും പി.ഡബ്ല്യു.ഡി ഏറ്റെടുക്കാതിരുന്നതാണ് നിര്‍മാണം വൈകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
മൂപ്പന്‍മല തോടിന് കുറുകെയുള്ള മുത്തനാട്ട് പടി നടപ്പാലം, മ്ലാക്കര, ഓലിക്കല്‍പടി, മടുക്കാംകുഴി നടപ്പാലങ്ങള്‍ എന്നിവ വെള്ളം കൊണ്ടുപോയതോടെ ഇപ്പോള്‍ വെള്ളം വറ്റിയ ആറ്റിലൂടെയാണ് നാട്ടുകാരുടെ നടത്തം. മഴ പെയ്തു വെള്ളം നിറഞ്ഞാല്‍ ഇതും ഇല്ലാതെയാകും. ഇവിടെ താല്‍ക്കാലിക പരിഹാരങ്ങളും സാദ്ധ്യമല്ല.