മാങ്ങാനത്ത് നിയന്ത്രണം വിട്ട ബൈക്ക് സ്ത്രീകൾ ഓടിച്ച കാറിലിടിച്ചു: ഇടുക്കി സ്വദേശികളായ രണ്ടു യുവാക്കൾക്ക് പരിക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: മാങ്ങാനത്ത് നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്. ഇടുക്കി കുമളി റോസാപ്പൂക്കണ്ടം പുളിക്കൽ ഹൗസിൽ രഞ്ജിത്ത് (32), അണക്കര പുത്തൻ വീട്ടിൽ ജിജോ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് പുതുപ്പള്ളി – മാങ്ങാനം റോഡിലായിരുന്നു അപകടം.

പുതുപ്പള്ളി ഭാഗത്തു നിന്നും എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കഞ്ഞിക്കുഴി ഭാഗത്തു നിന്നും എത്തിയ കാർ, മാങ്ങാനം ഭാഗത്തേയ്ക്കു തിരിയുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രദേശവാസികളായ രണ്ടു യുവതികളാണ് കാറിലുണ്ടായിരുന്നത്.

അപകടത്തെ തുടർന്നു കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും തകർന്നിരുന്നു. ഇതേ തുടർന്നു റോഡിനു നടുവിൽ തന്നെ കാർ കിടന്നതോടെ കഞ്ഞിക്കുഴി പുതുപ്പള്ളി റോഡിൽ അൽപ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ് കിടന്ന യുവാക്കളെ പൊലീസ് എത്തിയാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.