
തിരുവനന്തപുരം: പോത്തൻകോട് മേലേമുക്കില്‍ ബേക്കറി ഉടമയെ കത്തിക്കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബീമാപള്ളി സ്വദേശിയായ യുവാവ് പോലീസ് കസ്റ്റഡിയില്‍.
ബീമാപള്ളി സ്വദേശി അനീഷ് (38) ആണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. ഞായറാഴ്ച രാത്രിയോടെ സ്കൂട്ടറിലെത്തിയ പ്രതി അനീഷ്, മേലേമുക്കിലെ ബേക്കറിയില്‍ സൂക്ഷിച്ചിരുന്ന ഷവർമ കത്തി അനുവാദമില്ലാതെ എടുക്കുകയായിരുന്നു. സ്കൂട്ടറിന്റെ അറ്റകുറ്റപ്പണി നടത്താനെന്ന വ്യാജേനയാണ് ഇയാള്‍ കത്തി പുറത്തേക്ക് കൊണ്ടുപോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുസ്ഥലത്തിരുന്ന് ഷവർമ കത്തി ഉപയോഗിച്ച് വണ്ടി നന്നാക്കുന്നത് ചോദ്യം ചെയ്ത ബേക്കറി ഉടമ ഷാഹുല്‍ ഹമീദിന് നേരെ പ്രതി തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. തുടർന്ന് അവിടെ നിന്ന് മടങ്ങിയ ഇയാള്‍ കൂടുതല്‍ അപകടകരമായ മറ്റൊരു കത്തിയുമായാണ് തിരികെ എത്തിയത്.
കടയിലേക്ക് ഇരച്ചുകയറിയ പ്രതി ഷാഹുല്‍ ഹമീദിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ കടയുടമയുടെ തലയ്ക്കും ഇടതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഏറെനേരം കത്തിവീശി കടയിലും പരിസരത്തും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പ്രതി ശ്രമിച്ചു.
അക്രമത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനീഷിനെ കടയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.







