
കൊച്ചി: പ്രണയം നടിച്ച് യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് അവശനാക്കിയ ശേഷം യുവതി പണവും സ്വർണവും കവർന്നു. മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവതി തന്നെ ആക്രമിച്ചതെന്ന് യുവാവ് പറയുന്നു.
കോട്ടയം വൈക്കം സ്വദേശിയായ 34കാരനാണ് ഹണിട്രാപ്പിന് ഇരയായത്. ഇയാളുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി കഴിഞ്ഞ എട്ടിന് എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. 205-ാം നമ്പർ മുറിയിലെത്തിയ തന്നെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കസേരയിൽ കെട്ടിയിട്ട് വായിൽ തുണിതിരുകി ക്രൂരമായി മർദ്ദിച്ചുവെന്നാണ് യുവാവിന്റെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നേകാൽ പവന്റെ മാലയും ഒരുപവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്സിൽ നിന്ന് 5,000 രൂപയും സംഘം കൈക്കലാക്കി . ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 രൂപ മൊബൈൽ ആപ്പ് വഴി ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചശേഷം പ്രതികൾ മുങ്ങി.
ദേഹമാസകലം പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ 13ന് പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. ലോഡ്ജിലെത്തി പരിശോധിച്ച പൊലീസ് സി.സി.ടിവി ദൃശ്യം ശേഖരിച്ചിട്ടുണ്ട്. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വഴി പ്രതികളിലേക്ക് എത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.







