ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് എടാ, എടീ വിളി അവസാനിപ്പിച്ച് പൊലിസ്; തൊടുപുഴയിൽ മാതാപിതാക്കളെ അസഭ്യം പറഞ്ഞ ഓട്ടോ ഡ്രൈവറെ അന്വേഷിച്ചെത്തിയ പൊലീസ് ആത്മസംയമനം കൈവിട്ടില്ല; യുവാവ് പൊലിസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിട്ടും എടാ, എടീ വിളിക്കാതെ “ഉപദേശിച്ച് ” പൊലീസ്

സ്വന്തം ലേഖകൻ

തൊടുപുഴ: എടാ, എടീ എന്ന് പൊതുജനങ്ങളെ വിളിക്കരുതെന്നും മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ തൊടുപുഴയില്‍ കേട്ടാലറക്കുന്ന തെറി വിളിച്ചയാളോട് സഹിഷ്ണുതയോടെ സംസാരിക്കുന്ന പൊലീസിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി

തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആലക്കോട് സ്വദേശിയായ അനസ് എന്നയാള്‍ അസഭ്യം പറഞ്ഞ് ഡ്യൂട്ടി തടസപ്പെടുത്തിയത്.

മാതാപിതാക്കളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു എന്ന പരാതിയില്‍ അന്വേഷിക്കാനെത്തിയ എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസറെയുമാണ് ഓട്ടോറിക്ഷ ഡ്രൈവറായ അനസ് അസഭ്യം പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. രാത്രി എട്ടരയോടുകൂടി മദ്യപിച്ചെത്തിയ മകന്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു എന്ന് പറഞ്ഞ് ഒരു ഫോണ്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ രാജേഷും സിവില്‍ പൊലീസ് ഓഫീസര്‍ സനൂപും ആലംകോട്ടെ അനസിൻ്റെ വീട്ടിലെത്തി.

പൊലീസ് എത്തുമ്പോള്‍ വീടിനുള്ളില്‍ ഇരിക്കുകയായിരുന്ന അനസ് കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസിന് നേരെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് അസഭ്യം പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീയൊക്കെ എന്തിന് വന്നതാ എന്നായിരുന്നു ചോദ്യം. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ഇയാള്‍ ക്ഷുഭിതനായി.

എന്റെ പേരിലുള്ള സ്ഥലമാണിത്, അല്ലാതെ നിന്റെ അപ്പന്റെ പേരിലുള്ള സ്ഥലമല്ല. എന്നെ പൊലീസുകാരെ വരുത്തി പേടിപ്പിക്കാന്‍ നോക്കണ്ട എന്ന് പറഞ്ഞ് പിതാവിന് നേരെയായി പിന്നെ ഇയാളുടെ ആക്രോശം. പൊലീസ് ഇയാളെ അനുനയിപ്പിക്കാനായി ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങാതെ അസഭ്യം പറച്ചില്‍ തുടരുകയായി.

പൊലീസ് ശാന്തമായി സംസാരിക്കുന്നതു കണ്ടതോടുകൂടി വലിയ ഫോമിലായ അനസ് പൊലീസ് ജീപ്പിന് മുന്നില്‍ ഓട്ടോറിക്ഷ കുറുകെ ഇട്ട് തിരികെ പോകാന്‍ സമ്മതിച്ചില്ല. ഇതോടു കൂടി വിവരം സ്റ്റേഷന്‍ എസ്.എച്ച്‌.ഒയെ അറിയിച്ചു.

പൊലീസുദ്യോഗസ്ഥരെ തടഞ്ഞിട്ടിരിക്കുന്നു എന്ന സന്ദേസം ലഭിച്ചതോടെ എസ്.എച്ച്‌.ഒ വി സി കൃഷ്ണകുമാറിന്റെയും പ്രിന്‍സിപ്പല്‍ ‘എസ്‌ഐ ബൈജു.വി.ബാബുവിന്റെയും നേതൃത്വത്തില്‍ രണ്ടു ജീപ്പിലായി പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി.

കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെ അനസിന് പന്തികേട് മണത്തു. ഇവിടെ നിന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒരു മണിക്കൂറിനടുത്താണ് ഇയാള്‍ ഉദ്യോഗസ്ഥരെ തടഞ്ഞു വച്ച്‌ ഭീഷണിമുഴക്കിയത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും മാതാപിതാക്കളെയും ഭാര്യയെയും കയ്യേറ്റം ചെയ്തതിനും കേസ് എടുത്ത് റിമാന്‍ഡു ചെയ്തു.

അനസ് വീട്ടില്‍ വലിയ പ്രശ്നക്കാരനാണെന്ന് കാട്ടി മാതാപിതാക്കള്‍ സ്റ്റേഷനില്‍ പേരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും പ്രശ്നമുണ്ടായപ്പോള്‍ വിളിച്ചു പറഞ്ഞതോടെയാണ് പൊലീസ് രാത്രിയില്‍ തന്നെ ഇവിടെയെത്തിയത്. പൊതു ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന സര്‍ക്കുലര്‍ ഉണ്ടായിരുന്നതിനാല്‍ ഏറെ സംയമനം പാലിച്ചാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. കഴിഞ്ഞ പത്തിനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂവെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പൊതുജനങ്ങളോട് സഭ്യമായ വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകള്‍ ഉപയോഗിച്ച്‌ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.