
‘വീണ്ടും അനാസ്ഥ..’; ഉന്നത ഉദ്യോഗസ്ഥൻറെ മകനെ മയക്കുമരുന്നുമായി പിടിയിലായിട്ടും ജാമ്യത്തിൽ വിട്ടു
സ്വന്തം ലേഖകൻ
കോഴിക്കോട്: മയക്കുമരുന്നുമായി അറസ്റ്റിലായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥൻറെ മകന് ചട്ടംലംഘിച്ച് സ്റ്റേഷൻ ജാമ്യം. നാല് ഗ്രാം ഹാഷിഷുമായി ഇന്നലെ പിടിയിലായ എക്സൈസ് ക്രൈംബ്രാഞ്ച് ജോയിൻറ് കമ്മീഷണർ കെ എ നെൽസൻറെ മകൻ നിർമ്മലിനെയാണ് കോഴിക്കോട് എക്സൈസ് ഉദ്യോഗസ്ഥർ പ്രത്യേക പരിഗണന നൽകി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
എൻഡിപിഎസ് കേസുകളിൽ മയക്കുമരുന്നിൻറെ അളവ് എത്രയായാലും സ്റ്റേഷൻ ജാമ്യം നൽകരുതെന്ന കർശന നിർദ്ദേശം നിലനിൽക്കേയാണ് ഉന്നത ഉദ്യോഗസ്ഥൻറെ മകനുവേണ്ടി പ്രത്യേക ഇളവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് ക്രൈംബ്രാഞ്ച് ജോയിൻറ് കമ്മീഷണർ കെ എ നെൽസൻറെ മകനും കോഴിക്കോട് മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയുമായ നിർമ്മലിനെ ശനിയാഴ്ച്ച രാത്രിയാണ് മയക്കുമരുന്നുമായി പിടികൂടുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ആർപിഎഫ് പിടികൂടി എക്സൈസിന് കൈമാറുകയായിരുന്നു.
നാലുഗ്രാം ഹാഷിഷാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്ന് എക്സൈസ് പറയുന്നു. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ രാത്രിതന്നെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു. ഇയാൾക്ക് കൗൺസിലിംഗ് നൽകുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
പിടിച്ചെടുത്ത മയക്കുമരുന്നിൻറെ അളവ് കുറവായതുകൊണ്ടും പ്രതി വിദ്യാർത്ഥിയായതുകൊണ്ടുമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. രണ്ടുദിവസം മുൻപ് 2.1 ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ പിടിയിലായത് എക്സൈസ് വാർത്താക്കുറിപ്പായി ഇറക്കിയിരുന്നു.
ഈ യുവാക്കളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കോടതി ഇരുവരെയും റിമാൻഡ് ചെയ്യുകയായിരുന്നു. എൻഡിപിഎസ് കേസുകളിൽ മയക്കുമരുന്നിൻറെ അളവ് കുറവായാലും സ്റ്റേഷൻ ജാമ്യം നൽകരുതെന്ന് പല ജില്ലകളിലും എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം സർക്കുലർ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥൻറെ മകനുവേണ്ടി പ്രത്യേക ഇളവുകൾ.
എന്നാൽ ചട്ടവിരുദ്ദമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിശദീകരണം. കുറഞ്ഞ അളവിൽ മയക്കുമരുന്ന് പിടികൂടുന്ന കേസുകളിൽ പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെങ്കിൽ സ്റ്റേഷൻ ജാമ്യം നൽകുന്നതിൽ തെറ്റില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ പ്രതികരിച്ചു.