
വെള്ളപ്പൊക്ക മേഖലകളിൽനിന്ന് ആളുകളെ മാറ്റണം; കൺട്രോൾ റൂം തുറന്നു;മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും കരുതൽ നടപടികൾ ശക്തിപ്പെടുത്താൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറിയുടെ പ്രത്യേക നിർദ്ദേശം
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് ചീഫ് സെക്രട്ടറി വി.പി.ജോയ് വിളിച്ചത്.
മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും കരുതൽ നടപടികൾ ശക്തിപ്പെടുത്താൻ ജില്ലാ കലക്ടർമാർ പ്രത്യേക ശ്രദ്ധ പുലർത്തണം. പ്രശ്ന സാധ്യതാ സ്ഥലങ്ങളിൽ പ്രത്യേക അലർട്ട് സംവിധാനം ഉണ്ടാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വെള്ളം കയറുന്ന സ്ഥലത്തുനിന്ന് പമ്പ് ചെയ്തു വെള്ളം കളയാനുള്ള സംവിധാനം സജ്ജമാക്കണം. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം. വേണ്ടിവന്നാൽ ക്യാംപ് ആരംഭിക്കണം. ഇവിടങ്ങളിൽ ഭക്ഷണം, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വൈകിട്ട് ആറുമണിക്കു ചേർന്ന ഓൺലൈൻ യോഗത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച എട്ടു ജില്ലകളിലെ കലക്ടർമാരും പങ്കെടുത്തു.
എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.