
കള്ളക്കടൽ പ്രതിഭാസത്തിനും അതിശക്തമായ മഴയ്ക്കും സാധ്യത ; മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ് ; ഇന്ന് കോട്ടയം ഉൾപ്പെടെ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം ∙ ഇന്നു കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്റർ വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്.
ഇന്നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 25ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 26ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 27നു മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 3 ദിവസം സംസ്ഥാനത്തു പലയിടത്തും മഴ ശക്തമായി തുടരും. കേരള തീരം മുതൽ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ പാത്തി രൂപപ്പെട്ടതിനാൽ പടിഞ്ഞാറൻ തീരമേഖലയിൽ അടുത്ത രണ്ടു ദിവസം കാലവർഷക്കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യത. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ജാഗ്രതാ നിർദേശമുണ്ട്. തീരദേശത്തും കനത്ത മഴ ലഭിക്കുമെന്നാണു സൂചന. ഒഡീഷയിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട 2 ചക്രവാതച്ചുഴികളാണു മഴ കനക്കാൻ കാരണം.
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
27 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ മീൻ പിടിക്കാൻ പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രതാ നിർദേശം.
നാളെ രാത്രി 11.30 വരെ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള,തമിഴ്നാട് തീരങ്ങളിൽ നാളെ രാത്രി പതിനൊന്നര വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.