ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ; വൈക്കത്ത് ആർഎസ്എസ് ഓഫിസിനു നേരെ കല്ലേറ്: രണ്ടു നേതാക്കൾക്ക് പരിക്ക്; വിവിധയിടങ്ങളിൽ ആർഎസ്എസ് – സിപിഎം സംഘർഷം

ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ; വൈക്കത്ത് ആർഎസ്എസ് ഓഫിസിനു നേരെ കല്ലേറ്: രണ്ടു നേതാക്കൾക്ക് പരിക്ക്; വിവിധയിടങ്ങളിൽ ആർഎസ്എസ് – സിപിഎം സംഘർഷം

Spread the love

തേർഡ് ഐ ബ്യൂറോ

വൈക്കം: വൈക്കത്ത് വിവിധ സ്ഥലങ്ങളിൽ ആർഎസ്എസ് സിപിഎം സംഘർഷം. വൈക്കം ക്ഷേത്രത്തിനു സമീപത്തെ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ. അക്രമത്തിൽ പ്രതിഷേധിച്ച് സംഘ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ വൈക്കം ക്ഷേത്രത്തിൽ കിഴക്കേ നടയിലെ കാര്യാലയത്തിനു നേരെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം കാര്യലയത്തിനു നേരെ കല്ലെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. ഈ സമയം കാര്യാലയത്തിനുള്ളിലുണ്ടായിരുന്ന ജില്ലാ സഹകാര്യവാഹ് സോമശേഖരൻ, താലൂക്ക് കാര്യവാഹക് മനുനാരായണൻ കുട്ടി എന്നിവരെ പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പി്ച്ചു. സംഭവമറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിനു പ്രവർത്തകർ തടിച്ചു കൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ശബരിമല വിഷയത്തിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവതിയെ മർദിച്ചതിന്റെ തുടർച്ചയായാണ് വൈക്കത്തെ സംഘർഷങ്ങളെന്നാണ് സൂചന. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പെൺകുട്ടിയെ മർദിച്ചയാളുടെ വീടിനു സമീപത്ത് വച്ചായിരുന്നു അക്രമങ്ങളുടെ തുടക്കം. നാല് ബിജെപി പ്രവർത്തകർക്കും, ഒരു വഴിയാത്രക്കാരനും മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. വൈക്കം മുരിയൻകുളങ്ങരയിലായിരുന്നു ഈ അക്രമമുണ്ടായത്. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്നു ബിജെപിയും, അക്രമങ്ങൾക്കു തുടക്കമിട്ടത് ബിജെപിയാണെന്നു സിപിഎമ്മും ആരോപിച്ചു.