play-sharp-fill
തലസ്ഥാനത്തിന്റെ അടയാളമായ ഇന്ത്യൻ കോഫീ ഹൗസ് അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവ്

തലസ്ഥാനത്തിന്റെ അടയാളമായ ഇന്ത്യൻ കോഫീ ഹൗസ് അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തമ്പാനൂരിലെ ഇന്ത്യൻ കോഫീ ഹൗസ് അടച്ചുപൂട്ടാൻ കേരളാ ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ഫുഡ് സേഫ്റ്റി വിഭാഗം കോഫി ഹൗസിൽ നടത്തിയ പരിശോധനയിൽ താഴത്തെ നിലയുടെ ശുചിത്വത്തെ ചോദ്യംചെയ്തിരുന്നു. തുടർന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോഫീഹൗസ് ബോർഡിന് നോട്ടീസ് നൽകിയിരുന്നു. ഇതു സംബന്ധിച്ച തർക്കങ്ങൾ നടക്കുന്നതിനിടയിലാണ് ലൈസൻസ് റദ്ദാക്കികൊണ്ട് അടച്ചുപൂട്ടാൻ ഉത്തരവായത്. വിഷയത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഫി ഹൗസ് ഭരണസമിതി. പ്രതിദിനം ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന തലസ്ഥാനത്ത് ഇന്ത്യൻ കോഫീഹൗസിന് വളരെയധികം പ്രാധാന്യമുണ്ട്. ഇഷ്ടിക കൊണ്ട് വൃത്താകൃതിയിൽ നിർമ്മിച്ച ഇരുനിലക്കെട്ടിടം ആകൃതികൊണ്ടു ജനശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്.


റെയിൽവെ സ്റ്റേഷനും തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോക്കും സമീപത്താണ് കോഫീ ഹൗസ് സ്ഥിതി ചെയ്യുന്നത്. ഹോട്ടൽ അടച്ചിട്ടാലും പ്രതിബന്ധങ്ങളെ തരണം ചെയ്തു തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു നഗര വാസികൾ. എന്നാൽ ഹോട്ടൽ മോടി പിടിപ്പിച്ചു തുറക്കാമെന്നു വിചാരിച്ചാലും റദ്ദാക്കിയ ലൈസൻസ് പുതുക്കി തരില്ലെന്ന നിലപാടിലാണ് അധികൃതർ. കോഫി ഹൗസിന്റെ താഴത്തെ നിലയോട് ചേർന്ന് പോകുന്ന അഴുക്കുചാലാണ് അതിനു കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ത്യൻ കോഫീ ബോർഡ് കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. സ്ഥലം നേരിട്ടുകണ്ട കമ്മീഷൻ തയാറാക്കിയ റിപ്പോർട്ട് കോടതിയ്ക്കു മുന്നിലുണ്ട്. ബോർഡിന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബോർഡംഗം എസ്.എസ് അനിൽകുമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. കോടതിക്കു മുന്നിലുളള കേസായതിനാൽ പ്രതികരിക്കാനില്ലെന്നു നിലപാടിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇക്കാര്യത്തിൽ ഇന്ത്യൻ കോഫി ഹൗസ് ഭരണസമിതി ഉടൻ ഹൈക്കോടതിയെ സമീപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group