
ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച സംഭവം; മുൻകൂര്‍ ജാമ്യംതേടി പ്രധാനാധ്യാപിക കോടതിയില്‍
സ്വന്തം ലേഖിക
കാസർകോട് : സ്കൂളില്‍ ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച കേസില്‍ പ്രധാനാധ്യാപിക ഷേര്‍ളി ജോസഫ് മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി. കാസര്‍കോട് ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഈ മാസം ഏഴിന് കോടതി ജാമ്യ ഹർജി പരിഗണിക്കുന്നതിനായി മാറ്റി. കോട്ടമല എം.ജി.എം എ.യു.പി സ്കൂളില്‍ കഴിഞ്ഞ മാസം 19നാണ് സംഭവം.
ചിറ്റാരിക്കാല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ അസംബ്ലി കഴിഞ്ഞ ശേഷം ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ചതായാണ് കേസ്. അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപിക ഷേര്‍ളി ജോസഫ് സ്കൂള്‍ അസംബ്ലി കഴിഞ്ഞശേഷം സ്റ്റാഫ് റൂമിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പരസ്യമായി മുടി മുറിച്ചുവെന്നാണ് പരാതി. കേസില്‍ ഷേര്‍ളിക്കെതിരെ പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവ പ്രകാരം ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇവര്‍ ജില്ല സെഷൻസ് കോടതിയില്‍ വ്യാഴാഴ്ച ജാമ്യാപേക്ഷയുമായെത്തുകയായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡി.വൈ.എസ്.പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡിന് കൈമാറുകയായിരുന്നു. സംഭവം ഏറെ വിവാദമായിരുന്നു.