വീട്ടിൽ കയറി കൊന്നു കളയും; വീട് ബോംബെറിഞ്ഞ് തകർക്കും; അയ്മനത്തെ ഡിവൈഎഫ്‌ഐ നേതാക്കൾക്ക് ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ ഭീഷണി; ഭീഷണി കഞ്ചാവ് മാഫിയക്കെതിരെ പ്രചാരണം നടത്തിയതിന്
സ്വന്തം ലേഖകൻ
കോട്ടയം: വീട്ടിൽ കയറി കൊന്നുകളയുമെന്നും, വീട് ബോംബെറിഞ്ഞ് തകർക്കുമെന്നും അയ്മനെത്തെ ഡിവൈഎഫ്‌ഐ നേതാക്കൾക്കും പ്രവർത്തകർക്കും ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ ഭീഷണി. അയ്മനം പ്രദേശത്ത് സജീവമായ ഗുണ്ടാ കഞ്ചാവ് മാഫിയ സംഘങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് വിനീത് സഞ്ജയൻ പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പരസ്യമായി വധ ഭീഷണി അടക്കം മുഴക്കിയിരിക്കുന്നത്. അയ്മനം വെസ്റ്റ് ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അഖിൽ പ്രസാദിനെ ഫോണിൽ വിളിച്ചാണ് ഗുണ്ടാ സംഘത്തലവൻ വിനീത് സഞ്ജയൻ ഭീഷണി മുഴക്കിയിരിക്കുന്നത്.
കൊലക്കേസിലും, ബോംബ് വടിവാൾ ആക്രമണക്കേസുകളിലും അടക്കം നിരവധി കേസുകളിൽ പ്രതിയാണ് വിനീത് സഞ്ജയൻ. പൊലീസ് ഗുണ്ടാ ആക്ട് ചുമത്തിയതിനെ തുടർന്ന് നേരത്തെ ഇയാളെ കരുതൽ തടങ്കലിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചിട്ടുമുണ്ട്. അയ്മനം പ്രദേശത്ത് കഞ്ചാവ് മാഫിയ സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണ്. ഇതിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സജീവമായ ഇടപെടലുകളാണ് നടത്തുന്നത്. പരിപ്പ് പ്രദേശത്ത് ബോധവത്കരണവും യുവാക്കളെ ലഹരിയിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളും ഡിവൈഎഫ്‌ഐ സംഘടിപ്പിച്ചിരുന്നു. ജനകീയ പ്രതിരോധ പ്രവർത്തനങ്ങളാണ് ഡിവൈഎഫ്‌ഐ പരിപ്പ് പ്രദേശത്ത് സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത് അടക്കമുള്ള നടപടികളിൽ ക്ഷുഭിതനായാണ് ഗുണ്ടാ നേതാവ് വിനീത് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
നേരത്തെ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരെ വിനീത് സഞ്ജയന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കുടയംപടിയ്ക്ക് സമീപം ഓട്ടോഡ്രൈവറെ കല്ലെറിഞ്ഞ് വെള്ളത്തിൽപ്പാടിച്ച് കൊലപ്പെടുത്തിയ കേസിൽ വിനീത് സഞ്ജയനെ പൊലീസ് പ്രതി ചേർത്തിരുന്നു. ഇതിനു ശേഷം ജാമ്യത്തിലിറങ്ങിയ വിനീത് കോട്ടയം നഗരത്തിൽ വൻ അക്രമമാണ് അഴിച്ചു വിട്ടത്. ഓട്ടോഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വിനീത് വീടിനു നേരെ ബോംബ് എറിഞ്ഞ കേസിൽ അടക്കം പ്രതിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group