
സര്‍ക്കാര്‍, എയ്ഡഡ് വിഭാഗങ്ങളില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നതു 11,000 പേര്; സര്‍ക്കാരിനു ബാധ്യത 3400 കോടി;2040 ആകുമ്പോഴേക്കും ശമ്പളം കൊടുക്കുന്നതിലും കൂടുതല്‍ തുക പെന്ഷന് നല്‍കുന്നതിനായി മാറ്റിവയ്ക്കേണ്ടിവരുമെന്ന് ശമ്പളക്കമ്മീഷന്
സ്വന്തം ലേഖിക
തൃശൂര്‍: സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന മാസമായി മേയ് മാസം മാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍, എയ്ഡഡ് വിഭാഗങ്ങളില്‍ നിന്ന് ഇന്നു 11,000 പേരാണ് വിരമിക്കുന്നത്. ഇവരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ക്കായി 3400 കോടി രൂപ സര്‍ക്കാര്‍ നല്‍കണം. ഈ വര്‍ഷം മാത്രം സര്‍ക്കാര്‍, എയ്ഡഡ് വിഭാഗങ്ങളില്‍ നിന്ന് 17,000 പേരാണ് വിരമിച്ചത്. എല്ലാം കൂടി കണക്കാക്കുമ്പോള്‍ 5,500 കോടി രൂപ ആനുകൂല്യങ്ങള്‍ നല്കാന് മാത്രം സര്‍ക്കാരിനു നീക്കിവയ്ക്കേണ്ടി വന്നതായി ധനമന്ത്രാലയം വ്യക്തമാക്കി.
2021ല്‍ 9278 പേരാണു വിരമിച്ചത്. ഈ വര്‍ഷം പെന്ഷന് ആകുന്നവരുടെ എണ്ണം വര്‍ധിച്ചതാണു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയത്. ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിനായി ധനമന്ത്രാലയം വിയര്‍ക്കുമ്പോഴാണ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള അധികഭാരവുംകൂടി. മൊത്തം വരുമാനത്തില്‍ നിന്ന് 34 ശതമാനം ശമ്പളത്തിനായി മാറ്റിവയ്ക്കണം. 2040 ആകുമ്പോഴേക്കും ശമ്പളം കൊടുക്കുന്നതിലും കൂടുതല്‍ തുക പെന്ഷന് നല്‍കുന്നതിനായി മാറ്റിവയ്ക്കേണ്ടിവരുമെന്നു ശമ്പളക്കമ്മീഷന്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
യഥാര്‍ഥ ജനനത്തീയതി നല്‍കാതെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ സൗകര്യത്തിനായി മേയ് മാസത്തെ ഏതെങ്കിലും തീയതി മാതാപിതാക്കള്‍ നല്‍കിയതാണു പെന്ഷന് പറ്റുന്നവരുടെ എണ്ണം ഈ മാസം മാത്രം ഇത്രയധികമായി മാറാന്‍ കാരണമത്രെ. അതുകൊണ്ടുതന്നെ മേയില്‍ ധനമന്ത്രാലയത്തിനു സാധാരണയില്‍ കവിഞ്ഞ ഭാരമാണ് എല്ലാ വര്‍ഷവും അനുഭവിക്കേണ്ടിവരുന്നത്.
ഓരോ വര്‍ഷവും പെന്ഷന് നല്കുന്ന തുകയും ഇതോടെ വര്‍ധിക്കുകയാണ്. 2015-16ല്‍ 13,065 കോടിയായിരുന്നു പെന്ഷന് ചെലവ്. 2017-18ല്‍ 19,939 കോടിയായി. 2020-21 ആയതോടെ തുക 25,000 കോടിയും കടന്നിരിക്കുകയാണ്.
ശമ്പളം വര്‍ധിച്ചതോടെ പെന്ഷന് തുകയിലും വന്‍ വര്‍ധനയാണ് വന്നിരിക്കുന്നത്. മുപ്പതു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവര്‍ക്ക് ഇപ്പോള്‍ വാങ്ങിക്കുന്ന ശമ്പളത്തിന്റെ ഏതാണ്ട് പകുതി തുകവരെ പെന്‍ഷനായി ലഭിക്കും. നിലവിലെ കണക്കനുസരിച്ചു സര്‍വീസിലിരുന്നു ശമ്പളം വാങ്ങുന്നതിലും കൂടുതല്‍ വര്‍ഷങ്ങള്‍ പെന്ഷന് വാങ്ങുന്നവരാണുള്ളത്. ചുരുങ്ങിയത് ഇരുപതു വര്‍ഷത്തില്‍ കൂടുതല്‍ പെന്ഷന് വാങ്ങുന്നവരാണ് 80 ശതമാനത്തിലധികവും.
ഇപ്പോള്‍ ജോലിക്കു കയറുന്നവര്‍ക്കു പങ്കാളിത്ത പെന്ഷന് ആക്കിയതോടെ സര്‍ക്കാരിനു ഭാവിയില്‍ ആശ്വാസമാകുമെങ്കിലും നിലവിലുള്ളതു കൊടുത്തു തീര്‍ക്കാനുള്ള സാഹചര്യം ഉണ്ടാകുമോയെന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. ഓരോ വര്‍ഷം ചെല്ലുന്തോറും പെന്‍ഷന്‍കാരുടെ എണ്ണം വര്‍ധിക്കുന്നതാണു സര്‍ക്കാരിനു താങ്ങാനാവാത്ത ബാധ്യതയായി വരുന്നത്.