
കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിൽ കഞ്ചാവ് എത്തിച്ച ഇടനിലക്കാരായ പൂർവ വിദ്യാർത്ഥികൾ പിടിയിൽ; വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും; പൂർവ വിദ്യാർഥികൾക്കെതിര മൊഴി നൽകിയത് 1.900 കിലോ കഞ്ചാവുമായി അറസ്റ്റിലായ വിദ്യാർത്ഥി; ഹോസ്റ്റലിൽ പൊലീസ് നടത്തിയ പരിശോധന കോളേജ് പ്രിൻസിപ്പാളിന്റെ പരാതിയെ തുർന്നാണെന്നും വ്യക്തം
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിൽ കഞ്ചാവ് എത്തിച്ച ഇടനിലക്കാരായ പൂർവ വിദ്യാർഥികൾ പിടിയിൽ. പൂർവ വിദ്യാർത്ഥികളായ ആഷിഖ്, ഷാരിൽ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കിയവരാണ് ഇരുവരും. കോളേജ് ഡ്രോപ്പൗട്ടായ ഇവരാണ് വിദ്യാർത്ഥികൾക്കിടയിൽ വിൽക്കാൻ കഞ്ചാവ് എത്തിച്ചത് എന്നാണ് വിവരം. ഇന്നലെ അർധരാത്രിയോടെ എറണാകുളം പരിസരത്ത് നിന്നാണ് ഇവരെ കളമശ്ശേരി പൊലീസിന്റെ പ്രത്യേക സംഘവും ഡാൻഫാസ് സംഘവും കസ്റ്റഡിയിലെടുത്തത്. 1.900 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ വിദ്യാർത്ഥി നൽകിയ മൊഴിയിൽ ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികളാണെന്ന് വ്യക്തമാക്കിയിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം തിരച്ചിൽ ശക്തമാക്കിയത്. സമാനരീതിയിലുള്ള ലഹരി കേസുകളിൽ ആഷിഖ് ഉൾപ്പെട്ടിരുന്നതായുള്ള സൂചനകൾ വിദ്യാർത്ഥികളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്കാര്യങ്ങളും ചോദ്യം ചെയ്യലിൽ ഉൾപ്പെടുത്തും. ആഷിഖിനൊപ്പം മറ്റ് ആളുകളുണ്ടോ എന്നും മറ്റ് ക്യാമ്പസുകളിൽ ഇയാൾ ലഹരിവസ്തുക്കൾ എത്തിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ കഞ്ചാവ് കേസിൽ പരാതി നൽകിയത് കോളജ് പ്രിൻസിപ്പാളാണെന്നും വ്യക്തമായി. കൊച്ചി ഡിസിപിക്കാണ് മാർച്ച് 12ന് പ്രിൻസിപ്പാൾ പരാതി നൽകിയത്. 14 അം തിയതി നടക്കുന്ന ഹോളി ആഘോഷത്തിൽ മദ്യം, മയക്ക് മരുന്ന്, മറ്റ് ലഹരി വസ്തുകളുടെ അനിയന്ത്രിതമായ ഉപയോഗം ഉണ്ടാകുമെന്ന് പ്രിൻസിപ്പാളിന്റെ പരാതിയിൽ പറയുന്നു.
ലഹരിമരുന്ന് വാങ്ങാൻ പണപ്പിരിവ് നടക്കുന്നതായും പ്രിൻസിപ്പാളിന്റെ പരാതിയിൽ പരാമർശമുണ്ട്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ക്യാമ്പസിലും ഹോസ്റ്റലിലും പോലീസ് സാന്നിദ്ധ്യം ഉണ്ടാകണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഞ്ചാവ് വേട്ട നടന്നത്.
ഏഴ് മണിക്കൂർ നീണ്ട മിന്നൽ പരിശോധനയിൽ പൊലീസ് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷത്തിന് ഹോസ്റ്റലിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോളേജിന്റെ പെരിയാർ ഹോസ്റ്റലിൽ പരിശോധന. കോളേജ് എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറിയടക്കം മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.
മൂന്നാം വർഷ വിദ്യാർത്ഥികളായ കൊല്ലം വില്ലുമല പുത്തൻവീട് അടവിക്കോണത്ത് എം ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാട്ടുകൊയ്ക്കൽ വീട്ടിൽ ആദിത്യൻ (20), കോളജ് എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പനംതറയിൽ വീട്ടിൽ ആർ അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്. 50ഓളം പേരടങ്ങുന്ന പൊലീസ് സംഘം സംയുക്തമായി പ്രിൻസിപ്പലിന്റെ അനുമതിയോടെ വ്യാഴാഴ്ച രാത്രി ഒമ്പതിന് ആരംഭിച്ച പരിശോധന പുലർച്ചെ നാലിനാണ് അവസാനിച്ചത്.
ആകാശ് താമസിക്കുന്ന എഫ് 39 മുറിയിൽ നിന്ന് 1.909 കിലോ കഞ്ചാവും ആദിത്യനും അഭിരാജും താമസിക്കുന്ന ജി 11 മുറിയിൽനിന്ന് 9.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വലിയ പൊതികളായി സൂക്ഷിച്ച കഞ്ചാവ് അലമാരയിൽ നിന്നാണ് കണ്ടെടുത്തത്. ഇതോടൊപ്പം കഞ്ചാവ് ആവശ്യക്കാർക്ക് തൂക്കിക്കൊടുക്കാൻ ത്രാസും മദ്യം അളക്കുന്നതിനുള്ള ഗ്ലാസും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
ഇവിടെനിന്ന് മുമ്പും ചെറിയ തോതിൽ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആകാശിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആദിത്യനും അഭിരാജിനും സ്റ്റേഷൻ ജാമ്യം നൽകി. അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.