video
play-sharp-fill
സ്വപ്‌നയുടെ വീട്ടില്‍ നിന്ന് അമേരിക്കന്‍ ഡോളറും ഒമാന്‍ റിയാലും പിടിച്ചെടുത്തു; എന്‍ ഐ എയ്ക്കും കസ്റ്റംസിനും ഇ ഡിക്കും പിന്നാലെ ഇന്‍കംടാക്‌സും അന്വേഷണം ശക്തമാക്കുന്നു; സ്വപ്ന ഇതുവരെ ആദായ നികുതി അടച്ചിട്ടില്ല എന്ന് എൻഐഎ

സ്വപ്‌നയുടെ വീട്ടില്‍ നിന്ന് അമേരിക്കന്‍ ഡോളറും ഒമാന്‍ റിയാലും പിടിച്ചെടുത്തു; എന്‍ ഐ എയ്ക്കും കസ്റ്റംസിനും ഇ ഡിക്കും പിന്നാലെ ഇന്‍കംടാക്‌സും അന്വേഷണം ശക്തമാക്കുന്നു; സ്വപ്ന ഇതുവരെ ആദായ നികുതി അടച്ചിട്ടില്ല എന്ന് എൻഐഎ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നാ സുരേഷിന്റെ ലോക്കറില്‍ നിന്ന് അമേരിക്കന്‍ ഡോളറും ഒമാന്‍ റിയാലും പിടിച്ചെടുത്തതിനാല്‍ എന്‍ ഐ എയ്ക്കും കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും പിന്നാലെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിക്കുന്നു.

സ്വപ്‌ന ഇതുവരെ ആദായനികുതി അടച്ചിട്ടില്ലെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത എന്‍ ഐ എ കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്വപ്‌നയുടെ അക്കൗണ്ടുകളില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടിയോളം രൂപ കണക്കില്‍പ്പെടാത്ത പണമാണെന്നും കള്ളക്കടത്ത് ഇടപാടിലൂടെ ലഭിക്കുന്ന പ്രതിഫലമാണ് ഈ പണമെന്നും അതിനാല്‍ വിവരം ആദായനികുതി വകുപ്പിനെ ധരിപ്പിച്ചെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദായനികുതി വകുപ്പ് ആസ്ഥാനത്ത് നിന്ന് അനുമതി ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് ഐ ടി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച ശേഷവും തനിക്ക് ആയിരം ഡോളര്‍ മാസം പ്രതിഫലമായി കിട്ടിയിരുന്നെന്ന് സ്വപ്‌ന എന്‍ ഐ എയ്ക്ക് മൊഴി നല്‍കിയിരുന്നു.

അതാണ് തന്റെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്തതെന്ന് സ്വപ്‌നയ്ക്ക് വാദിക്കാം. പ്രതിഫലം വാങ്ങിയതിന്റെ രേഖകള്‍ കാണിച്ച ശേഷം പിഴ അടച്ച്‌ ശിക്ഷ നടപടികളില്‍ നിന്ന് ഒഴിവാകുകയാണ് സാധാരണയുള്ള നടപടി. എന്നാല്‍ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുള്ളതിനാല്‍ അതിനുള്ള സാധ്യതയില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

ഒമാന്‍ റിയാല്‍ എവിടെ നിന്നാണ് ലഭിച്ചത് എന്ന കാര്യം അന്വേഷണത്തിലേ വ്യക്തമാകൂ. സ്വപ്‌ന വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. അപ്പോള്‍ ശേഖരിച്ചതാണോ, അതോ സ്വര്‍ണക്കടത്തിന് പ്രതിഫലമായി ലഭിച്ചതാണോ എന്നീ കാര്യങ്ങള്‍ അന്വേഷണത്തില്‍ വ്യക്തമാകും. ഐ ടി വകുപ്പില്‍ ഒരു ലക്ഷത്തിലധികം രൂപയാണ് സ്വപ്‌നയ്ക്ക് ശമ്പളമുണ്ടായിരുന്നത്.

അതിന് പുറമേയാണ് ആയിരം ഡോളര്‍ യു എ ഇ കോണ്‍സുലേറ്റ് പ്രതിഫലമായി നല്‍കിയിരുന്നത്. അതിന്റെയൊന്നും ആദായനികുതി അടച്ചിട്ടില്ലെന്നാണ് എന്‍ ഐ എ കോടതിയെ അറിയിച്ചത്. വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിക്കുമ്പോൾ കേസുകളുടെയും കുറ്റങ്ങളുടെയും എണ്ണം കൂടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അടുത്തകാലത്തെങ്ങും നിയമനടപടികളില്‍ നിന്ന് ഊരിപ്പോരാനാകുമെന്ന് കരുതുന്നില്ലെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.