video
play-sharp-fill

ഗോകുലം ഗ്രൂപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂർത്തിയായി; ചോദ്യം ചെയ്യാനായി ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ചു; പരിശോധന നടത്തിയത് 1000 കോടി രൂപയുടെ വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ; കേരളത്തിലും തമിഴ്നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് സംശയം; ഗോകുലം സ്ഥാപനങ്ങൾ മൂന്ന് മാസമായി നിരീക്ഷണത്തിൽ; സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലെന്നും ഇഡി

ഗോകുലം ഗ്രൂപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂർത്തിയായി; ചോദ്യം ചെയ്യാനായി ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ചു; പരിശോധന നടത്തിയത് 1000 കോടി രൂപയുടെ വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ; കേരളത്തിലും തമിഴ്നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് സംശയം; ഗോകുലം സ്ഥാപനങ്ങൾ മൂന്ന് മാസമായി നിരീക്ഷണത്തിൽ; സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലെന്നും ഇഡി

Spread the love

കോഴിക്കോട്: കോഴിക്കോട് ഗോകുലം ഗ്രൂപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂർത്തിയായി. കോഴിക്കോട്ടെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി ചെന്നൈയിലേക്ക് വിളിപ്പിച്ചു.

ചെന്നൈയിലെ ഓഫിസിലേക്ക് എത്രയും വേഗം എത്താനാണ് ഇഡിയുടെ നിർദേശം. കോഴിക്കോട് അരയിടത്തുപാലത്തുള്ള ഗോകുലം ഗ്രാന്റ് കോർപറേറ്റ് ഓഫിസിലെ പരിശോധന പൂർത്തിയായിട്ടുണ്ട്. അതിനിടയിലാണ് ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്. തുടർന്ന് അദ്ദേഹം ചെന്നൈയിലേക്ക് പുറപ്പെട്ടു. ചെന്നൈയിലെ ചിറ്റി ഓഫീസിലാകും ഇനി ചോദ്യം ചെയ്യൽ.

ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ധനകാര്യ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് തുടരുകയാണ്. 1,000 കോടി രൂപയുടെ വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999) നിയമ പ്രകാരമാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പണം ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനകൾ നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഗോകുലം സ്ഥാപനങ്ങൾ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നും ഇഡി പറഞ്ഞു. അനധികൃതമായി വിദേശത്ത് സ്വത്ത് സമ്പാദിച്ചുവെന്നും സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലയെന്നും ഇഡി വ്യക്തമാക്കി. എമ്പുരാൻ സിനിമ ദേശീയതലത്തിൽ വിവാദമായിരിക്കെയാണ് സിനിമയുടെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

ഇതിന് മുമ്പും ഗോകുലം ഗ്രൂപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണ പരിശോധന നടന്നിരുന്നു. 2017ൽ നടന്ന പരിശോധനയിൽ 1100 കോടി രൂപയുടെ കണക്കിൽ പെടാത്ത വരുമാനം ഗോകുലം ഗ്രൂപ്പിന് ഉള്ളതായി വാർത്തകൾ പുറത്തുവന്നിരുന്നു. ചിട്ടിയിൽ നിന്നുള്ള വരുമാനം, റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചു എന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാത്തിൽ നികുതി ഇനത്തിൽ 330 കോടി രൂപയും നികുതി വെട്ടിച്ചതിനുള്ള പിഴയും അടക്കാൻ ഗോകുലം ഗ്രൂപ്പിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെടുകയാണ് അന്ന് ചെയ്തത്. ഇതിന് ശേഷം സിനിമാ നിർമ്മാണ രംഗത്തേക്ക് കടന്നപ്പോഴും ഗോകുലം നോട്ടപ്പുള്ളിയായി.

അടുത്തിടെ നിരവധി തവണ ഇഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയെ മറയാക്കി കള്ളപ്പണം വെളിപ്പിച്ചു എന്ന ആരോപണമാണ് ഉയർന്നത്. തമിഴ്നാട്ടിലെ വിതരണ ചുമതലയുണ്ടായിരുന്ന ഗോകുലം മൂവീസ് തീയേറ്ററുകളുമായി ഒത്തുകളിച്ചു കള്ളപ്പണം വെളിപ്പിച്ചെന്നാണ് ആക്ഷേപം. പ്രദർശനത്തിന് അഞ്ചും ആറും മണിക്കൂർ മുൻപുതന്നെ ബുക്കിങ് ആപ്പിൽ ഹൗസ്ഫുള്ളായി കാണിക്കുന്ന ചില സിനിമകൾ പകുതിയിൽ അധികം ഒഴിഞ്ഞ സീറ്റുകളോടെ പ്രദർശിപ്പിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും അടക്കമാണ് ഇ.ഡിക്കു പരാതി ലഭിച്ചത്.

കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നിർമിക്കുന്ന ഇത്തരം ചിത്രങ്ങൾ ഇറങ്ങുന്നതിനു മുൻപു തന്നെ ലക്ഷക്കണക്കിനു രൂപയുടെ സൗജന്യ ടിക്കറ്റുകൾ ലോബിയുടെ കൈവശം എത്തും. ഇതു മുഴുവൻ സിനിമയുടെ യഥാർഥ ടിക്കറ്റ് കലക്ഷനായി കണക്കിൽ വരും എന്നതാണ് തന്ത്രം ഇത്തരം ലോബിയുമായി സഹകരിക്കാൻ തയാറാകാത്ത നിർമാതാക്കളുടെ സിനിമകളെ തിയറ്ററിൽ നിന്നു പിൻവലിക്കാൻ ചരടുവലിക്കുന്നതായും പരാതിയിൽ ഉയർന്നിരുന്നു.

മഞ്ഞുമ്മൽ ബോസ്സിന്റെ മറവിൽ വൻ കള്ളപ്പണം വെളിപ്പിക്കൽ നടന്നെന്നാണ് ആക്ഷേപം. ഈ പശ്ചാത്തലാണ് ഗോകുലത്തിൽ ഇഡി എത്തിയതും. അതേസമയം റിപ്പോർട്ടർ ചാനൽ ഉടമകളുമായുള്ള ഗോകുലം ഗോപാലിന്റെ സാമ്ബത്തിക ഇടപാടുകളും ഇഡി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എമ്പുരാൻ സിനിമയുടെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. സിനിമയിലെ ഗുജറാത്ത് വംശഹത്യയെ സൂചിപ്പിച്ച രംഗങ്ങൾ ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരുന്നു.

തിയേറ്ററിൽ പ്രദർശനം തുടങ്ങിയ ചിത്രം വീണ്ടും റീ എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ‘എമ്പുരാൻ’ സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിൽ സംഘ്‌പരിവാർ നേതാക്കൾ കടുത്ത വിദ്വേഷ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ ‘എമ്പുരാൻ’ ഏറ്റെടുത്തത്.

വിവാദമായതോടെ, പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്ബുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ല എന്നും ഗോപാലൻ വിശദീകരിച്ചിരുന്നു. പിന്നാലെ, സിനിമയിൽ പലരംഗങ്ങളിലും കടുംവെട്ട് നടത്തുകയും ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തു.