ഡ്യൂറണ്ട് കപ്പ്: ഗോകുലം കേരളയ്ക്ക് സമനിലത്തുടക്കം
സ്പോട്സ് ഡെസ്ക്
ചെന്നൈ: ഡ്യൂറണ്ട് കപ്പില്‍ ഗോകുലം കേരളാ എഫ്.സിക്ക് സമനിലത്തുടക്കം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ആര്‍മി റെഡ് ആണ് നിലവിലെ ചാംപ്യന്മാരായ ഗോകുലത്തിനെ 2-2 ന് സമനിലയില്‍ തളച്ചത്.
ഇന്ന് വൈകിട്ട് വെസ്റ്റ് ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കളിയിലടനീളം മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്ത്. മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ ഗോകുലം ലീഡെടുത്തു. ബോക്‌സിന് പുറത്ത് നിന്ന് ഒരു ലോങ്‌റേഞ്ചര്‍ ഷോട്ടിലൂടെ ഘാന താരം റഹീം ഒസ്മാനുവാണ് ഗോകുലത്തിനെ മുമ്പിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
30 -ാം മിനുട്ടില്‍ ജൈനിലൂടെ ആര്‍മി റെഡ് സമനിലഗോള്‍ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ബികാഷ് താപയിലൂടെ ആര്‍മി റെഡ് ഗോകുലത്തിനെതിരേ ലീഡെടുത്തു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഗോകുലം 68 -ാം മിനുട്ടില്‍ അര്‍ഹിച്ച ഗോള്‍ കണ്ടെത്തി.
പകരക്കാരനായെത്തിയ എല്‍വിസ് ചികത്താരയും റഹീമും നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ചികത്താരയെ ബോക്‌സില്‍ വീഴ്ത്തിയതിന് ഗോകുലത്തിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. കിക്കെടുത്ത ക്യാപ്റ്റന്‍ ഷരീഫ് അഹമ്മദിന് പിഴച്ചില്ല. ഇടത്തോട്ട് ചാടിയ ആര്‍മി റെഡ് ഗോള്‍കീപ്പറിനെ കാഴ്ചക്കാരനാക്കി ഷരീഫ് പോസ്റ്റിന്റെ വലത് മൂലയില്‍ പന്തെത്തിച്ചു. 87ാം മിനുട്ടില്‍ ഗോകുലം വീണ്ടും ഗോളിനരികിലെത്തിയെങ്കിലും ഗോള്‍പോസ്റ്റില്‍ തട്ടി മടങ്ങി.
എമില്‍ ബെന്നിക്ക് പകരക്കാരനായെത്തിയ ജിതിന്‍ എം.എസിന്റെ ഗോള്‍ശ്രമം ഗോള്‍കീപ്പറെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. കളിയിടനീളം ഗോകുലമായിരുന്നു മുന്നിട്ടുനിന്നത്. സമനിലയോടെ ഗോകുലം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ്. ഒരു പോയിന്റാണ് ഗോകുലത്തിനുള്ളത്. രണ്ട് മത്സരത്തില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റോടെ ആര്‍മി റെഡ് ആണ് ഗ്രൂപ്പില്‍ ഒന്നാമത്. ഹൈദരബാദ് എഫ്.സിയാണ് രണ്ടാം സ്ഥാനത്തുള്ളത്.