
മഹാരാഷ്ട്രയിലെ പൂനെയിൽ നാല് വയസ് പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി 65കാരൻ. ഭക്ഷണം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് 65കാരൻ നാലുവയസുകാരിയെ കൂട്ടിക്കൊണ്ട് പോയത്. പൂനെയിലെ ഭോർ താലൂക്കിലെ നസ്രാപൂർ ഗ്രാമത്തിലാണ് ക്രൂരത നടന്നത്. സംഭവത്തിന് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ 65 വയസ്സുകാരനായ കൂലിത്തൊഴിലാളി അറസ്റ്റിലായി.
വേനലവധിക്ക് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതായത്. വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടത്. പ്രലോഭിപ്പിച്ച് പ്രതി കുട്ടിയെ തൊഴുത്തിന് സമീപമുള്ള ഷെഡിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ചാണകക്കൂനയ്ക്കടിയിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അറസ്റ്റിലായ 65കാരന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. 1998ലും 2015ലും ഇയാൾക്കെതിരെ സമാനമായ കേസുകൾ ഉണ്ടായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയായിരുന്നു. ഇയാൾ സ്ഥിരമായി ഗ്രാമങ്ങളിൽ അലഞ്ഞുതിരിയുന്ന സ്വഭാവക്കാരനാണെന്നും പൊലീസ് വിശദമാക്കുന്നുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിപ്പിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







