Spread the love

എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍, പാര്‍ക്കിംഗ് ഫീസ് കുത്തനെക്കൂട്ടി ജിസിഡിഎയുടെ കൊള്ള. ഒരു ദിവസത്തേക്ക് ബൈക്കിന് 30 രൂപയുണ്ടായിരുന്നത് 120 രൂപയാക്കി വര്‍ധിപ്പിച്ചു. കാര്‍ പാര്‍ക്കിങ്ങിന് ഒരു ദിവസത്തേക്കുള്ള ഫീസ് 480 രൂപയാക്കി. 90 രൂപയായിരുന്ന തുകയാണ് അഞ്ചിരട്ടിയിലേറെ യാതൊരു മുന്നറിയിപ്പുമില്ലാതെ വര്‍ധിപ്പിച്ചിരിക്കുന്നത്. ജിസിഡിഎ നടത്തുന്നത് പിടിച്ചുപറിയെന്ന് യാത്രക്കാര്‍ പറയുന്നു. മെയ് മാസത്തെ ഫീസിലാണ് ഈ ഭീമമായ വര്‍ധന. യാതൊരു അറിയിപ്പും നല്‍കാതെ ഫീസ് കുത്തനെ ഉയര്‍ത്തിയതിനാല്‍ പല ദിവസങ്ങളിലും യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്.

video
play-sharp-fill

പാര്‍ക്കിങ് ഫീ പലമടങ്ങ് ഒറ്റയടിക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യവും ജിസിഡിഎ വ്യക്തമാക്കിയിട്ടില്ല. കലൂരില്‍ ഉള്‍പ്പെടെ 20ഓളം ഇടങ്ങളിലാണ് കൊച്ചിയില്‍ ജിസിഡിഎയുടെ പാര്‍ക്കിങുള്ളത്. ഈ പാര്‍ക്കിങില്‍ പിന്നീട് ടെന്‍ഡര്‍ നല്‍കുകയാണ് ചെയ്യാറ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആറാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നാണ് ജിസിഡിഎയുടെ പാര്‍ക്കിങ്. ഫീസ് കൂട്ടിയത് കൃത്യമായി പരസ്യപ്പെടുത്തുക പോലും ചെയ്തിട്ടില്ലെന്നും ബില്‍ അടിച്ചുതരുന്ന ഘട്ടത്തില്‍ തുക കണ്ട് ഞെട്ടിപ്പോയെന്നുമാണ് യാത്രക്കാര്‍ പറയുന്നത്.

നഗരത്തില്‍ ജോലി ആവശ്യത്തിനായി എത്തിയവര്‍ നാട്ടിലേക്ക് പോകുമ്പോള്‍ പലപ്പോഴും ദിവസങ്ങളോളം തങ്ങളുടെ വാഹനം പാര്‍ക്കിങില്‍ വച്ചിട്ടാണ് പോകാറ്. ഫീസ് കൂട്ടിയതറിയാതെ തിരികെയെത്തിയവര്‍ പാര്‍ക്കിങ് ഫീ ഇനത്തില്‍ ആയിരത്തിലേറെ രൂപ നല്‍കണമെന്ന ബില്‍ കണ്ട് നടുങ്ങിപ്പോകുന്ന അവസ്ഥയാണ്. ഈ കൊള്ളയ്ക്ക് അറുതി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group