
ചങ്ങനാശ്ശേരിയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി; ഒരു മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ ആസ്സാം സ്വദേശി അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് തൃക്കൊടിത്താനം എസ്എച്ച്ഒ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം
ചങ്ങനാശ്ശേരി: അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആസ്സാം സ്വദേശിയായ ബിപുൽ ഗോഗോയ് (30)ആണ് പിടിയിലായത്.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിലെ മാമ്മൂട് ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നുമാണ് ഏകദേശം ഒരു മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. മാമ്മൂട് സ്വദേശിയായ പുതുപ്പറമ്പിൽ വർഗീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവർ കഞ്ചാവ് നട്ടുപിടിപ്പിച്ചത്.
കഞ്ചാവ് ചെടി നാട്ടുവളർത്തുന്നത് 10 മുതൽ 20 വർഷം വരെ തുടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥന്റെ നിദേശാനുസരണം തൃക്കൊടിത്താനം എസ്എച്ച്ഒ എം ജെ അരുണിന്റെ നേതൃത്വത്തിൽ എസ് ഐ സിബി മോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റെജിമോൻ, സിവിൽ പോലീസ് ഓഫീസർമാരായ സെൽവരാജ്, ഷമീർ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരി മാഫിയയ്ക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൃക്കൊടിത്താനം എസ്എച്ച്ഒ എം ജെ അരുൺ പറഞ്ഞു.