പുതുപ്പള്ളിയിൽ കഞ്ചാവ് മാഫിയ ആക്രമണം: മൂന്നു പേർക്ക് വെട്ടേറ്റു; കേസ് ഒതുക്കാൻ സിപിഎം ഇടപെടൽ

പുതുപ്പള്ളിയിൽ കഞ്ചാവ് മാഫിയ ആക്രമണം: മൂന്നു പേർക്ക് വെട്ടേറ്റു; കേസ് ഒതുക്കാൻ സിപിഎം ഇടപെടൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൊലീസിനു വിവരം ചോർത്തി നൽകിയെന്നാരോപിച്ച് കഞ്ചാവ് മാഫിയ സംഘം സഹോദരങ്ങൾ അടക്കം മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. അടുത്തിടെ മാത്രം സി.എസ്.ഡി.എസ് വിട്ട് ഡിവൈഎഫ്‌ഐയിൽ എത്തിയവരാണ് അക്രമിസംഘത്തിലെ എല്ലാവരും. ഇതോടെ ഇവരെ സംരക്ഷിക്കാൻ പ്രാദേശിക സിപിഎം നേതാക്കൾ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ആക്രമണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികൾ കസ്റ്റഡിയിൽ ഉണ്ടായിട്ടും കേസെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
ആക്രമണത്തിൽ പരിക്കേറ്റ സഹോദരങ്ങളായ എരമല്ലൂർ കാളിമലയിൽ പാലത്തറ വീട്ടിൽ സിബിച്ചൻ (36), സിജോ (35), ജയിൻ (42) എന്നിവരെ പാമ്പാടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഞായറാഴ്ച രാത്രിയോടെയായിരുന്നു അക്രമ സംഭവങ്ങളുടെ തുടക്കം. പുതുപ്പള്ളിയിലും, എരമല്ലൂരിലും, കാളികാവിലും കഞ്ചാവ് മാഫിയ സജീവമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു പ്രദേശത്ത് പൊലീസ് നീരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ ഞായറാഴ്ച പ്രദേശത്ത് നീരീക്ഷണത്തിനെത്തിയ പൊലീസ് സംഘം സമീപവാസിയായ ഒരാളോടാണ് വഴി ചോദിച്ചത്. കഞ്ചാവ് മാഫിയയുടെ കേന്ദ്രത്തിൽ കൃത്യമായി പൊലീസ് എത്തുകയും ചെയ്തു. ഇത് ചെയ്തത് സിബിച്ചനാണെന്നു തെറ്റിധരിച്ച കഞ്ചാവ് മാഫിയ സംഘം ഇയാളുടെ വീടിനു മുന്നിലെത്തി അസഭ്യം വിളിക്കുകയും, കല്ലെറിയുകയും ചെയ്തു. പുറത്തിറങ്ങിയെത്തിയ സിബിച്ചനും സഹോദരൻ സിജോയും ചേർന്ന് അക്രമി സംഘത്തെ ചെറുത്തു. ഇതിനെ പ്രതിരോധിക്കാനായാണ് അയൽവാസിയായ ജയിൻ എത്തിയത്. കൂട്ടയടിക്കിടെ ജയിന്റെ തലയ്ക്ക് അടിയേൽക്കുകയും ചെയ്തു. പരിക്കേറ്റ സിജോയെയും, ജയിനെയും നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതേ തുടർന്നു സംഘടിച്ചിറങ്ങിയ നാട്ടുകാർ ചേർന്ന് അഞ്ചു പേരെ പിടികൂടി പൊലീസിനു കൈമാറി. എന്നാൽ, തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നു പുറത്തിറങ്ങിയ സിബിച്ചനെ ഒരു സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കമ്പിവടിയ്ക്കു തലയ്ക്കടിയേറ്റ് റോഡിൽ വീണ സിബിച്ചനെ നാട്ടുകാർ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അടുത്തിടെ മാത്രം സിഎസ്ഡിഎസ് വിട്ടു ഡിവൈഎഫ്‌ഐയുടെ ഭാഗമായ യുവാക്കളാണ് ഇപ്പോൾ കഞ്ചാവ് വിൽപ്പനയുടെ ഭാഗമായിരിക്കുന്നത്. ഇവർ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകരായതോടെയാണ് ഇവരെ സംരക്ഷിക്കാൻ സിപിഎം പ്രാദേശിക നേതൃത്വം തന്നെ രംഗത്ത് എത്തിയതും.