കഞ്ചാവിന്റെ കാവലിന് നാല് റോഡ് വീലർ നായ്ക്കൾ: എന്നിട്ടും കച്ചവടക്കാരൻ പിടിയിലായി: വിൽപ്പനയ്ക്ക് എത്തിച്ച നാലു കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ; തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചത്ത് കാഞ്ഞിരപ്പള്ളിയിൽ വിൽക്കാൻ; പ്രതികളെ പിടികൂടിയത് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ്

തേർഡ് ഐ ക്രൈം

കോട്ടയം: വിൽപ്പനയ്ക്ക് എത്തിച്ച നാലു കിലോ കഞ്ചാവുമായി നാലംഗ സംഘത്തെ കാഞ്ഞിരപ്പള്ളിയിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവിൽ കണ്ടത്തിൽ വീട്ടിൽ അഫ്‌സൽ (25), പാറക്കടവ് ആനിക്കപ്പറമ്പിൽ വീട്ടിൽ ബാസിത് (19), കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ അശ്വതി ഭവനിൽ അനന്തു (20), പാറക്കടവ് ആനിക്കപ്പറമ്പിൽ സാബിത് (20) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്നു പിടികൂടിയത്.

കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാംമൈൽ ആനക്കല്ല് ഭാഗങ്ങളിൽ വൻ തോതിൽ കഞ്ചാവ് കച്ചവടം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിയ്ക്കു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ഡെൻസാഫ് അംഗങ്ങൾ ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതേ തുടർന്നാണ്, ബാസിതും അനന്തുവും അടങ്ങുന്ന സംഘം പ്രദേശത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് എത്തിച്ചു വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്നു സ്‌ക്വാഡ് അംഗങ്ങൾ ഇടപാടുകാരെന്ന വ്യാജേനെ പ്രതികളെ സമീപിച്ചു. 500 രൂപയുടെ പൊതികളാണ് ഇവർ വിറ്റിരുന്നത്. ഓട്ടോറിക്ഷയിൽ കഞ്ചാവുമായി വന്ന ഇരുവരെയും പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഇരുപത്തിയാറാംമൈൽ പുൽക്കുന്ന് ഭാഗത്ത് കോഴിഫാം നടത്തുന്ന അഫ്‌സലാണ് കഞ്ചാവ് സൂക്ഷിക്കുന്നതെന്ന വിവരം ലഭിച്ചത്. ഇരുവരെയുമായി അഫ്‌സലിന്റെ കോഴിഫാമിൽ എത്തിയതോടെയാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്.

കഞ്ചാവിനു സംരക്ഷണം ഉറപ്പാക്കുതിനായി ഇയാൾ നാല് റോഡ് വീലർ നായ്ക്കളെയാണ് ഫാമിൽ വളർത്തിയിരുന്നത്. പരിചയമില്ലാത്ത ആരെങ്കിലും ഫാമിനുള്ളിലേയ്ക്കു കയറിയാൽ ഇയാൾ നായ്ക്കളെ അഴിച്ചു വിടുകയാണ് ചെയ്തിരുന്നത്. പൊലീസ് എത്തിയത് അറിഞ്ഞ ഇയാൾ നായ്ക്കളെ അഴിച്ചു വിടാൻ ശ്രമം നടത്തിയെങ്കിലും സാഹസികമായാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്.

തുടർന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഫാമിന്റെ ഉള്ളിലും പരിസരത്തുമായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് വീപ്പയിൽ കഞ്ചാവ് നിറച്ച ശേഷം, ഇത് കുഴിച്ചിട്ട് ഇതിനു മുകളിൽ പ്ലാസ്റ്റിക്ക് ചാക്കിട്ട്, ഇതിനും മുകളിൽ കരിയില വിതറിയാണ് ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സാബിത്താണ് തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചിരുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെയും അറസ്റ്റ് ചെയ്തു. അഫ്‌സലിന്റെ ഫാമിൽ കൂടുതൽ ആളുകൾ കഞ്ചാവ് നൽകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ എന്നിവരുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഇ.കെ സോൾജിമോൻ, പൊൻകുന്നം എസ്.എച്ച്.ഒ എസ്.ഷിഹാബുദീൻ, എസ്.ഐമാരായ മുകേഷ്, ഷിബു, ജോർജുകുട്ടി, എ.എസ്.ഐമാരായ പ്രദീപ്, മജോ എസ്.രാജ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത്ത് ബി.നായർ, കെ.ആർ അജയകുമാർ, തോംസൺ കെ.മാത്യു, എസ്.അരുൺ, വി.കെ അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.