കെ എസ് ആർ ടി സി ബസുകളിലും ഡിപ്പോകളിലും രാഷ്ട്രീയ പോസ്റ്ററുകള്‍ വേണ്ട: ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് അകത്തോ ബസിന് പുറത്തോ പോസ്റ്ററുകള്‍ ഒട്ടിക്കരുതെന്നാണ് പുതിയ നിര്‍ദേശം. നിര്‍ദിഷ്ട സ്ഥലത്ത് മാത്രം പോസ്റ്ററുകള്‍ ഒട്ടിക്കുക. താന്‍ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ആണെങ്കില്‍ പോലും ഒട്ടിക്കുന്നതില്‍ നിന്നും യൂണിയനുകള്‍ പിന്‍മാറണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അംഗീകൃതവും അംഗീകാരമില്ലാത്തതുമായ യൂണിയനുകള്‍ക്ക് അവര്‍ക്ക് അനുവദനീയമായ സ്ഥലത്ത് മാത്രം പോസ്റ്റര്‍ ഒട്ടിക്കാമെന്നാണ് നിര്‍ദേശം. പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ശമ്പള പ്രതിസന്ധി, ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ മന്ത്രിക്കും സര്‍ക്കാരിനുമെതിരെ യൂണിയനുകള്‍ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് നിര്‍ദേശം എന്നതും ശ്രദ്ധേയമാണ്. മന്ത്രിക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിഐടിയു അടക്കമുള്ള യൂണിയനുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group