കെഎസ്ആര്‍ടിസി ബസില്‍ ജനിച്ച കുഞ്ഞിന് സമ്മാനവുമായി ഗണേഷ് കുമാര്‍; ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അനുമോദനം
സ്വന്തം ലേഖകൻ
തൃശൂര്‍: കെഎസ്ആര്‍ടിസി ബസിലെ പ്രസവമെടുത്ത ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മന്ത്രി കെബി ഗണേഷ് കുമാറിന്റെ അനുമോദനം. തൃശൂര്‍ ഡിടിഒ ഉബൈദിന്റെ നേതൃത്വത്തില്‍ അമല ആശുപത്രിയിലെത്തി ഇവരെ അനുമോദിക്കുകയും കുഞ്ഞിനുള്ള സമ്മാനം കൈമാറുകയും ചെയ്തു. ഇന്നലെ തൃശ്ശൂര്‍ പേരാമംഗലത്ത് വെച്ചായിരുന്നു ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്
ഡോക്ടറെ കാണാന്‍ പോകാനായി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ബസ് അടുത്തുള്ള അമല ആശുപത്രിയിലേക്ക് പാഞ്ഞു. ഒപ്പം ആശുപത്രി അധികൃതരെ വിളിച്ചറിയിക്കുകയും ചെയ്തു. ബസ് ആശുപത്രിയിലെത്തുമ്പോഴേക്കും ഡോക്ടറും നഴ്‌സുമാരുമെല്ലാം തയാറായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്യാഹിത വിഭാഗത്തിന് മുന്നിലേക്കാണ് ബസ് എത്തിയത്. അപ്പോഴേക്കും പ്രസവം ഉടന്‍ നടക്കും എന്ന സ്ഥിതിയായി. യുവതിയെ ബസില്‍ നിന്ന് മാറ്റാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് സമയോചിതമായി ആശുപത്രി അധികൃതര്‍ ഇടപെട്ടത്. ഡോക്ടറും നഴ്‌സും ബസിനുള്ളില്‍ കയറി പ്രസവമെടുക്കുകയായിരുന്നു.
മലപ്പുറം തിരുനാവായ സ്വദേശിയായ മുപ്പത്തേഴുകാരിയ്ക്കാണ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടത്. ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. വിവരം ബസ് ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവറും കണ്ടക്ടറും ബസിലുണ്ടായിരുന്ന യാത്രക്കാരും സമയോചിതമായി ഇടപെടുകയായിരുന്നു. ആശുപത്രി അടുത്ത് ഉണ്ടായിരുന്നതും രക്ഷയായി. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് യുവതിയ്ക്ക് രക്ഷയായത്. യാത്രക്കാരും ബസ് ജീവനക്കാരോട് സാഹചര്യം മനസിലാക്കി സഹകരിക്കുകയായിരുന്നു.