play-sharp-fill
ജി-20 ഉച്ചകോടി: കുമരകത്ത്  സുരക്ഷയ്ക്ക് ആറ് എസ്.പി.മാരുടെ നേതൃത്വത്തില്‍ 1500 പോലീസുകാര്‍; പരിസര പ്രദേശം ഉൾപ്പെടെ  റെഡ് സോണില്‍ ഉള്‍പ്പെടുത്തി; നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന  നിയമനടപടി

ജി-20 ഉച്ചകോടി: കുമരകത്ത് സുരക്ഷയ്ക്ക് ആറ് എസ്.പി.മാരുടെ നേതൃത്വത്തില്‍ 1500 പോലീസുകാര്‍; പരിസര പ്രദേശം ഉൾപ്പെടെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി; നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി

സ്വന്തം ലേഖിക

കോട്ടയം: കുമരകത്ത് ബുധനാഴ്ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിക്ക് ആറ് എസ്.പി.മാരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി പോലീസ്.

20 ഡിവൈ.എസ്.പി.മാര്‍, 40 ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ 1500 പോലീസുകാരെയാണ് ഉച്ചകോടി നടക്കുന്ന കുമരകത്ത് വിന്യസിക്കുക. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കുമരകവും പരിസരവും റെഡ് സോണില്‍ ഉള്‍പ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായി കുമരകത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ചുകിലോമീറ്റര്‍ ചുറ്റളവിനുുള്ളില്‍ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചു. 29 മുതല്‍ ഏപ്രില്‍ 10 വരെ റിമോട്ട് കണ്ട്രോള്‍ഡ് എയര്‍ക്രാഫ്റ്റ്, മറ്റ് എയര്‍ ബലൂണുകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കും.

കുമരകത്തും പരിസരങ്ങളിലും ശക്തമായ ഗതാഗത ക്രമീകരണങ്ങളും പരിശോധനയും ഉണ്ടാകും. കായലിലും മറ്റ് ജലാശയങ്ങളിലും 24 മണിക്കൂറും ബോട്ട് പട്രോളിങ് നടത്തും. സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്സലും പോലീസുകാരുടെ വിന്യാസവും ഉദ്യോഗസ്ഥരുടെ വിശദീകരണവും ചൊവ്വാഴ്ച നടക്കും.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി തിങ്കളാഴ്ച പോലീസ് മോക്ക് ഡ്രില്‍ നടത്തി. ഉച്ചകോടി നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലും ഉദ്യോഗസ്ഥര്‍ താമസിക്കുന്ന റിസോര്‍ട്ടുകളായ കോക്കനട്ട് ലാഗൂണ്‍, കെ.ടി.ഡി.സി., താജ് മലബാര്‍, കുമരകം ലേക്ക് റിസോര്‍ട്ട്, സൂരി റിസോര്‍ട്ട്, ബാക്ക് വാട്ടര്‍ റിപ്പിള്‍സ്, എന്നിവിടങ്ങളില്‍ ഫയര്‍ ഫോഴ്സ്, ആരോഗ്യവകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തിയായിരുന്നു ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.

ഹൗസ് ബോട്ടില്‍നിന്ന്‌ ഒരാള്‍ കായലില്‍ വീണാല്‍ രക്ഷപ്പെടുത്തി ബോട്ടില്‍കയറ്റി കരയില്‍ എത്തിക്കുക, ഉടനടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘം ഉള്‍പ്പെടുന്ന ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുക, റിസോര്‍ട്ടിനുള്ളില്‍ അപ്രതീക്ഷിത തീപിടിത്തം ഉണ്ടായാല്‍ റിസോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ സംവിധാനം ഉപയോഗിച്ച്‌ തീയണയ്ക്കുക തുടങ്ങിയവ സംബന്ധിച്ചുള്ള നടപടികളാണ് നടത്തിയത്.

ഹൗസ് ബോട്ടില്‍ ഉദ്യോഗസ്ഥരെ സുരക്ഷിതരായെത്തിക്കുമ്പോള്‍ എസ്കോര്‍ട്ട് പോകുന്നതിനുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് ബോട്ടിന്റെ കാര്യക്ഷമത, എല്ലാ റിസോര്‍ട്ടുകളിലെയും ഫയര്‍ അലാറം, റിസോര്‍ട്ടുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ആംബുലന്‍സുകളുടെ പ്രവര്‍ത്തനം എന്നിവ പരിശോധിച്ച്‌ കാര്യക്ഷമത ഉറപ്പുവരുത്തി. ഉച്ചകോടിയുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാക്രമീകരണങ്ങളും, മുന്‍കരുതലുകളും പൂര്‍ത്തിയായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.