video
play-sharp-fill

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അടൂരിൽ ഓൾ ഇന്ത്യ ജോബ് റിക്രൂട്ട്‌മെന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റ മറവിൽ പലരിൽ നിന്നായി തട്ടിയെടുത്തത് അരക്കോടിയോളം രൂപ; ഒളിവിലായിരുന്ന തട്ടിപ്പുവീരൻ പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അടൂരിൽ ഓൾ ഇന്ത്യ ജോബ് റിക്രൂട്ട്‌മെന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റ മറവിൽ പലരിൽ നിന്നായി തട്ടിയെടുത്തത് അരക്കോടിയോളം രൂപ; ഒളിവിലായിരുന്ന തട്ടിപ്പുവീരൻ പിടിയിൽ

Spread the love

അടൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി അരക്കോടിയോളം തട്ടി മുങ്ങുകയും എറണാകുളം കേന്ദ്രീകരിച്ച് പുതിയ സ്ഥാപനം തുടങ്ങി തട്ടിപ്പു തുടരാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ തട്ടിപ്പുകാരൻ പിടിയിൽ. കലഞ്ഞൂർ പാലമലയിൽ അംബികാ ഭവനത്തിൽ അജികുമാർ (47) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോന്നി കുമ്മണ്ണൂർ സ്വദേശിനിക്കു വിദേശത്ത് നഴ്‌സിങ് ജോലിവാഗ്ദാനം ചെയ്ത് 1.65 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ഇയാൾ മാസങ്ങളായി ഒളിവിലായിരുന്നു.

അടൂരിൽ ഓൾ ഇന്ത്യ ജോബ് റിക്രൂട്ട്‌മെന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഇതിന്റെ മറവിൽ നിരവധി ആളുകളിൽ നിന്നും ഇയാൾ പണം തട്ടിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി എറണാകുളത്ത് പുതിയ റിക്രൂട്ടിങ് സ്ഥാപനം തുടങ്ങാനുള്ള തയാറെടുപ്പ് നടത്തി വരുമ്പോഴാണ് പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ സ്ഥാപനത്തിന്റെ വിസിറ്റിങ് കാർഡും ലെറ്റർ പാഡും പ്രതി തയാറാക്കിയിരുന്നു. പൊലീസ് പരിശോധനയിൽ പ്രതിയിൽ നിന്നും മുപ്പതിലധികം പാസ്‌പോർട്ടുകൾ കണ്ടെടുത്തിട്ടുണ്ട്. അടൂരിൽ ഉള്ള പ്രതിയുടെ സ്ഥാപനം റെയ്ഡ് ചെയ്ത് നിരവധി രേഖകളും പിടിച്ചെടുത്തു. ജോലിവാഗ്ദാനം ചെയ്ത് 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതിയുമായി എത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

ഡിവൈഎസ്പി ആർ.ബിനുവിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷ്, എസ്‌ഐമാരായ എം.മനീഷ്, സുരേഷ് ബാബു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അജിത്, സിവിൽ പൊലീസ് ഓഫീസർമാരായ അൻസാജു, രതീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.