
ആലപ്പുഴ: ആലപ്പുഴ പൂന്തോപ്പ് പള്ളി സെമിത്തേരിയില്‍ അതിക്രമിച്ചുകയറി ലഹരിമരുന്ന് ഉപയോഗിക്കുകയും റീല്‍സ് ചിത്രീകരിക്കുകയും ചെയ്ത കേസില്‍ നാലാമത്തെ പ്രതിയും പിടിയില്‍.
ആലപ്പുഴ വലിയമരം വാർഡില്‍ അപ്പു മൻസിലില്‍ നെഹർഷാദിനെയാണ് (20) നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.
നോർത്ത് എസ്.എച്ച്.ഒ അരുണ്‍ എം.ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത നെഹർഷാദിനെ കോടതിയില്‍ ഹാജരാക്കി. കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പ്രതികള്‍ നിലവില്‍ റിമാൻഡിലാണ്. പള്ളിയുടെ വിശുദ്ധി തകർക്കുന്ന രീതിയില്‍ അതിക്രമിച്ചുകയറി ലഹരി ഉപയോഗിക്കുകയും അത് വീഡിയോയായി പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളി അധികാരികളുടെ പരാതിയില്‍ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലഹരിമരുന്നുകള്‍ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ വീരപരിവേഷം നേടാനായി പള്ളി സെമിത്തേരിയില്‍ അതിക്രമിച്ചുകയറി യുവാക്കളുടെ സംഘം റീല്‍സ് ചെയ്യുകയായിരുന്നു. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് സെമിത്തേരിയിലെ കുരിശില്‍ തലകീഴായി കിടന്നായിരുന്നു റീല്‍സ് ചിത്രീകരണം. സംഭവത്തില്‍ സഞ്ചയ് സത്യൻ (18), സച്ചിൻ സത്യൻ (18), അൻസില്‍ (18) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.







