കേരളത്തിൻ്റെ ഗതാഗത മേഖലയിലെ മറ്റൊരു നാഴികക്കല്ല്; അറിയാം നാലുവരിപ്പാത കടന്നു പോകുന്ന വഴികൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എംസി റോഡിലെ തിരക്ക് കുറയ്ക്കാനും തെക്ക് നിന്നും കിഴക്കന്‍ മേഖലയിലൂടെയുള്ള അതിവേഗയാത്രയ്ക്കുമായി സര്‍ക്കാര്‍ ഒരുക്കുന്ന സമാന്തര പാത കേരളത്തിന്റെ വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലാകും എന്നതില്‍ തെല്ലും സംശയിക്കേണ്ടതില്ല. കിഴക്കൻ കേരളത്തിലെ കാര്‍ഷിക മേഖലകളിലൂടെ കടന്നുപോകുന്ന പുതിയ നാലുവരിപ്പാത കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളുടെ മലയോര പട്ടണങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുമെന്നത് ഉറപ്പാണ്.കോട്ടയം, പത്തനംതിട്ട ജില്ലകളുടെ പ്രധാന പട്ടണങ്ങളിലെല്ലാം ബൈപ്പാസുകള്‍ നിര്‍മിച്ച് കടന്നു പോകുന്ന നാലുവരി പാത എരുമേലി, റാന്നി, വടശ്ശേരിക്കര, കോന്നി പത്തനാപുരം, പുനലൂര്‍ വഴിയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്.ചുരുക്കം ചില സ്ഥലങ്ങളിലൊഴികെ പൂര്‍ണമായും സ്ഥലം ഏറ്റെടുത്തായിരിക്കും നിര്‍മാണം പൂര്‍ത്തിയാകുക.
*പാത പത്തനംതിട്ട ജില്ലയില്‍*
മുക്കടയ്ക്ക് സമീപത്തു നിന്നാണ് പുതിയ പാത കോട്ടയം ജില്ലയില്‍ നിന്ന് പത്തനംതിട്ടയിലേയ്ക്ക് പ്രവേശിക്കുന്നത്.ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്ന സാഹചര്യത്തില്‍ ഇവിടെ അലൈൻമെൻ്റിൽ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.കാഞ്ഞിരപ്പള്ളിയും എരുമേലിയും പിന്നിട്ട് എത്തുന്ന പുതിയ പാത പൊന്തന്‍പുഴ ജംഗ്ഷൻ്റെ കിഴക്കുഭാഗത്തു കൂടി എത്തി നിലവിലെ പൊന്‍കുന്നം – റാന്നി റോഡിലേയ്ക്ക് (പുനലൂര്‍ – മൂവാറ്റുപുഴ റോഡ്) പ്രവേശിക്കും. ഇവിടെ നിന്ന് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍, മക്കപ്പുഴ, തുടങ്ങിയ മേഖലകളിലൂടെ ആറു കിലോമീറ്റോളം നിലവിലെ റോഡില്‍ക്കൂടിയാണ് കടന്നുപോകുന്നത്.ഈ ഭാഗം നാലുവരിയായി വികസിക്കും.റാന്നി പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം മുന്‍പേ ചെത്തോങ്കരയില്‍ വച്ച് പുതിയ പാത കിഴക്കോട്ട് തിരിയും.ഇവിടെ നിന്ന് പൂര്‍ണമായും പുതിയ നിര്‍മാണമാണ്.
ചെത്തോങ്കര, മുക്കാലുമണ്‍ പിന്നിട്ട് തെക്കോട്ടു നീങ്ങുന്ന പാത റാന്നി ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് ഓഫീസിനു സമീപത്തു കൂടിയാണ് കടന്നുപോകുന്നത്.ഇവിടെ നിന്ന് തെക്കുകിഴക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ചെറുകുളഞ്ഞി വഴി നീങ്ങും. ഇവിടെ നിലവിലുള്ള റോഡിനോടു ചേര്‍ന്നാണ് പുതിയ പാതയുടെയും അലൈൻമെൻ്റ്. ഇവിടെ നിന്ന് പമ്ബാനദീതീരത്തു കൂടി മുന്നേറുന്ന പാത വടശ്ശേരിക്കരയ്ക്കു മുന്‍പ് ന്യൂ യുപി സ്കൂളിനു സമീപത്തുവെച്ച് വീണ്ടും വലത്തേയ്ക്ക് തിരിയും. വടശ്ശേരിക്കര ടൗണില്‍ പുതിയ ബൈപ്പാസ് നിര്‍മിക്കും, ഇതിനൊപ്പം നദിയ്ക്കു കുറുകെ പുതിയ പാലവുമുണ്ടാകും.തുടര്‍ന്ന് കല്ലാര്‍ പുഴയ്ക്ക് തെക്കുവശത്തുകൂടി സഞ്ചരിക്കുന്ന പാത പെങ്ങാട്ടുകടവ് പിന്നിട്ട് വീണ്ടും തെക്കുപടിഞ്ഞാറോട്ടു തിരിയും.പിന്നീട് മനോരമ മുക്കിനു സമീപം വടശ്ശേരിക്കര മണ്ണാരക്കുളഞ്ഞി റോഡിലേയ്ക്ക് തന്നെ പ്രവേശിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമ്പളാംപൊയ്ക കവലയ്ക്ക് തൊട്ടുമുന്‍പായി പാത വീണ്ടും കിഴക്കോട്ടു തിരിയും.തുടര്‍ന്ന് തലച്ചിറ, ചെങ്ങറ മേഖലകളിലൂടെ നിലവിലുള്ള റോഡിനു സമാന്തരമായാണ് പുതിയ റോഡും നീങ്ങുന്നത്.ഇവിടെ നിന്ന് തെക്കോട്ടു നീങ്ങി കൊന്നപ്പാറയും പയ്യാനമണും പിന്നിട്ട് കോന്നി പെരിഞ്ഞോട്ടക്കല്‍ സിഎഫ്ടികെയ്ക്ക് പടിഞ്ഞാറുഭാഗത്തു കൂടിയാണ് പാത കടന്നുപോകുന്നത്. ഇവിടെ നിന്ന് കോന്നി മെഡിക്കല്‍ കോളേജ് റോഡ് മുറിച്ചുകടന്ന് ആനകുത്തി ജുമാ മസ്ജിദ് പിന്നിട്ട് നാലുവരിപ്പാത അച്ചന്‍കോവിലാര്‍ മുറിച്ചു കടക്കും. ഇവിടെ പുതിയ പാലവും നിര്‍മിക്കും.
വെണ്‍മേലിപ്പടി ജങ്ഷൻ്റെ കിഴക്കേ ഭാഗത്ത് കൂടി എത്തുന്ന പുതിയ പാത കോന്നി -അച്ചന്‍കോവിലാര്‍ റോഡിനു സമാന്തരമായി തെക്കോട്ടു പോകും. കൊല്ലന്‍പടിയ്ക്ക് സമീപം വീണ്ടും പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ പ്രവേശിക്കും.ഇവിടെ നിന്ന് മുറിഞ്ഞകല്‍, കൂടല്‍, ഇഞ്ചപ്പാറ, മേഖലകളിലൂടെ നിലവിലെ റോഡ് തന്നെയാണ് വികസിപ്പിക്കുക. കൂടലില്‍ നിന്ന് വീണ്ടും റോഡ് വലത്തേയ്ക്ക് തിരിഞ്ഞ് നിലവിലെ പാതയ്ക്ക് സമാന്തരമായി സഞ്ചരിക്കും. കലഞ്ഞൂരിനു മുന്‍പായി വീണ്ടും പുനലൂര്‍ – മൂവാറ്റുപുഴ റോഡിലേയ്ക്ക് കയറുന്ന നാലുവരിപ്പാത എടത്തറ സെൻ്റ് ജോര്‍ജ് മലങ്കര പള്ളിയ്ക്ക് സമീപത്തു നിന്ന് ഇടത്തേയ്ക്ക് തിരിയും. ഇവിടെ നിന്ന് നിലവിലെ പാതയുടെ കിഴക്കുവശത്തുകൂടി സഞ്ചരിച്ച് പത്തനാപുരം ടൗണ്‍ ഒഴിവാക്കിയായിരിക്കും പാത കടന്നുപോകുക.
*പാത കോട്ടയം ജില്ലയില്‍*
തിരുവനന്തപുരം – അങ്കമാലി ഗ്രീന്‍ ഫീല്‍ഡ് ദേശീയപാത കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്നത് പത്തനംതിട്ട – കോട്ടയം ജില്ലകളുടെ അതിര്‍ത്തിയായ പ്ലാച്ചേരിയില്‍ നിന്നാണ്.റാന്നി ടൗണിന്റെ ഭാഗമായ ചെത്തോങ്കരയില്‍ നിന്നും പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിലൂടെയാണ് പാത എത്തുന്നത്.പുനലൂര്‍ – മൂവാറ്റുപുഴ റോഡ് നിലവില്‍ 14 മീറ്ററാണ്.പുതിയ റോഡ് 26 മീറ്ററായാണു വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ പ്ലാച്ചേരി ഉള്‍പ്പെടെ റോഡ് കടന്നുപോകുന്ന ഭാഗത്തെ പല ജംഗ്ഷനുകളും ഇല്ലാതാകും.
പ്ലാച്ചേരിയില്‍ നിന്ന് പൊന്തന്‍പുഴ വനമേഖലയിലൂടെയുള്ള റോഡിലൂടെ അല്‍പം മുന്നോട്ടു വന്നശേഷം കിഴക്കോട്ട് റോഡിന്റെ ദിശ മാറും.ഇവിടെ നിന്ന് വനത്തിലൂടെ മുന്നോട്ടുപോയി ചാരുവേലി റോഡില്‍ എത്തും.പിന്നീട് ചാരുവേലി വഴി കറിക്കാട്ടൂര്‍ സെന്റര്‍ അയ്യപ്പക്ഷേത്രത്തിനും സെന്റ് ആന്റണീസ് പള്ളിക്കും സമീപത്തുകൂടി ചെറുവള്ളി എസ്റ്റേറ്റില്‍ എത്തും.എസ്റ്റേറ്റിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടിയാണ് റോഡ് കടന്നു പോകുക.
പിന്നീട് കാക്കക്കല്ല്, പൂപ്പാറ റോഡ് പിന്നിട്ട് എരുമേലി – ചേനപ്പാടി – മണിമല റോഡ് കടന്ന് കിഴക്കേക്കര ക്ഷേത്രത്തിനു 2 കിലോമീറ്റര്‍ മാറി മണിമലയാര്‍ മറികടക്കും.അവിടെ നിന്നും എരുമേലി പൊന്‍കുന്നം റോഡ് മുറിച്ചുകടന്ന് കിഴക്ക് അമല്‍ജ്യോതി കോളജിന്റെ സമീപത്തുകൂടി കൂവപ്പള്ളി 26-ാം മൈലില്‍ എത്തി കെകെ റോഡ് മുറിച്ചു കടന്നുപോകും.
നിര്‍മാണത്തിന്റെ ഭാഗമായി പൊന്തന്‍പുഴ വനത്തില്‍ ഏറ്റെടുക്കുന്നത് 4.5 ഹെക്ടര്‍ വനഭൂമിയാണ്.പ്ലാച്ചേരി മുതല്‍ പൊന്തന്‍പുഴ വരെയുള്ള ഭാഗത്താണ് ഇത്രയും വനഭൂമി ഏറ്റെടുക്കുന്നത്.ഏറ്റെടുക്കുന്ന സ്ഥലത്ത് മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചു തുടങ്ങി.
*പാത കൊല്ലം ജില്ലയില്‍*
കൊല്ലം ജില്ലയില്‍ കടയ്ക്കല്‍, അഞ്ചല്‍, കുന്നിക്കോട്, വെഞ്ചെമ്പ്, പത്തനാപുരം, മുറിഞ്ഞകടല്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് പുതിയ റോഡിൻറെ അലൈൻമെൻ്റ്. നിലവില്‍ ഏരിയല്‍ സര്‍വേ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും അന്തിമ സര്‍വേയില്‍ പ്രാദേശികമായ ചില മാറ്റങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ട്.
*തിരുവനന്തപുരത്ത്*
പുതുതായി നിര്‍മിക്കുന്ന വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിങ് റോഡില്‍ നിന്നാണ് പുതിയ ഹൈവേ ആരംഭിക്കുക. കിളിമാനൂരിനു സമീപം പുളിമാത്ത് നിര്‍മിക്കുന്ന ഫ്ലൈഓവര്‍ വഴിയായിരിക്കും ഇരുഹൈവേകളെയും ബന്ധിപ്പിക്കുക. സിഗ്നലുകളില്ലാതെ ഇരുവശങ്ങളിലേയ്ക്കും സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രംപറ്റ് ഫ്ലൈഓവര്‍ നിര്‍മിച്ച് അതു വഴി വടക്കുകിഴക്കു ദിശയിലാണ് റോഡ് തിരിയുക. നിലവിലെ വെഞ്ഞാറമൂട് – കിളിമാനൂര്‍ റോഡ് മുറിച്ചുകടന്ന് തുരുത്തിമണ്‍ ശ്രീകിരാതമൂര്‍ത്തി ക്ഷേത്രത്തിനു സമീപത്തു വെച്ച് റോഡ് വടക്കോട്ടു തിരിയും. മഞ്ഞപ്പാറ ടൗണിനു കിഴക്കുവശത്തുകൂടി നീങ്ങുന്ന പുതിയ പാത പാറക്കുഴി വെള്ളച്ചാട്ടം പിന്നിട്ട് പരപ്പമണ്‍ ജംഗ്ഷന്‍ വഴിയാണ് കടന്നുപോകുക. ഇവിടെ നിന്ന് വീണ്ടും വടക്കോട്ടു സഞ്ചരിച്ച് എടയമണ്‍ ആനന്ദന്‍മുക്ക് വഴി കടന്നുപോകും.
ഒട്ടേറെ പട്ടണങ്ങള്‍ പിന്നിട്ട് കടന്നുപോകുന്ന നിലവിലെ എംസി റോഡില്‍ ഗതാഗതക്കുരുക്കും വലിയ വളവുകളുമാണ് ഭീഷണി. ഈ സാഹചര്യത്തിലാണ് ദേശീയപാതാ അതോരിറ്റിയുടെ ഗ്രീന്‍ഫീല്‍ഡ് പദ്ധതി. ശബരിമല, പുതുതായി വിഭാവനം ചെയ്യുന്ന ചെറുവള്ളി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേയ്ക്ക് എളുപ്പവഴിയാകും ഇത്.
തിരുവനന്തപുരത്തെ വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍റിങ് റോഡിന്റെ ഭാഗമായ പുളിമാത്ത് നിന്നും ആരംഭിച്ച് കല്ലറ, കടയ്ക്കല്‍, അഞ്ചല്‍,വെഞ്ചേമ്ബ് പുനലൂര്‍), പത്തനാപുരം, കോന്നി, തണ്ണിത്തോട്, ചെത്തോങ്കര(റാന്നി),മണിമല, എരുമേലി,കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, രാമപുരം, മുവാറ്റുപുഴ, കോതമംഗലം, കോടനാട്, മലയാറ്റൂര്‍, മഞ്ഞപ്ര, കാലടി എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് അങ്കമാലിയില്‍ പാത അവസാനിക്കും.നാലുവരി എക്സ്‌പ്രസ് ഹൈവേയായിട്ടാണ് പുതിയ ഗ്രീന്‍ഫീല്‍ഡ് പാതയുടെ നിര്‍മാണം.ഏകദേശം 240 കിലോമീറ്റര്‍ നീളമുള്ള പാതയ്ക്കായി നിലവില്‍ ആകാശസര്‍വേയാണ് പൂര്‍ത്തിയായിട്ടുള്ളതെങ്കിലും അന്തിമസര്‍വേയില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ അഞ്ച് ജില്ലകളിലായി 79ഓളം വില്ലേജുകളില്‍ നിന്ന് ആയിരം ഹെക്ടറോളം ഭൂമിയാണ് പുതിയ ദേശീയപാതയ്ക്കായി ഏറ്റെടുക്കേണ്ടി വരിക.ഭോപ്പാല്‍ ആസ്ഥാനമായ ഹൈവേ എന്‍ജിനീയറിങ് കൺസൾട്ടൻ്റ്സ് ആണ് പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയിട്ടുള്ളത്.