പിണറായി കൂട്ടക്കൊലക്കേസ്: പ്രതി സൗമ്യ ജയിലിൽ തൂങ്ങി മരിച്ചു

പിണറായി കൂട്ടക്കൊലക്കേസ്: പ്രതി സൗമ്യ ജയിലിൽ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ
കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ ജയിൽ വളപ്പിലെ കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് സൗമ്യ ജയിൽ വളപ്പിലെ മരത്തിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്തിയത്. ജയിൽ വാർഡൻമാർ ചേർന്ന് കഴുത്തിലെ കുരുക്ക് മുറിച്ച് ഇവരെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ.
രണ്ടു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കുന്നതിനായി സൗമ്യ സ്വന്തം മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊല്ലുകയായിരുന്നു. കുടുംബാംഗങ്ങൾ പല തവണയായി പല ദിവസങ്ങളിൽ കൊല്ലപ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ അന്വേഷണം ആവശ്യപ്പെട്ടു. സൗമ്യയും ഇതിനിടെ വിഷം കഴിച്ച് അവശനിലയിൽ ആശുപത്രിയിലായി. തുടർന്നു പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് സൗമ്യ തന്നെയാണ് ബന്ധുക്കലെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. ഭക്ഷണത്തിൽ വിഷം കലർത്തി പല തവണയായി ഇവരുടെ ശരീരത്തിൽ വിഷം എത്തിച്ചാണ് സൗമ്യ എല്ലാവരെയും കൊലപ്പെടുത്തിയത്.
കാമുകനോടൊപ്പം ജീവിക്കുന്നതിനും, ഇവരുടെ വഴിവിട്ട ജീവിതത്തിനു തടസം നിന്നതുമാണ് എല്ലാവരെയും ക്രൂരമായി കൊലപ്പെടുത്തുന്നതിനു സൗമ്യയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംഘം കണ്ടെത്തിയിരിക്കുന്നത്. മകൾക്ക് ചോറിലും മീനിലും, മാതാപിതാക്കൾക്ക് രസത്തിലും എലിവിഷം ചേർത്താണ് സൗമ്യ നൽകിയത്. തലശേറി സി.ഐ കെ.ഇ പ്രേമചന്ദ്രനാണ് കേസ് അന്വേഷിച്ച് കഴിഞ്ഞ ഏപ്രിൽ 24 ന് സൗമ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. നാലു മാസത്തിനിടെയാണ് വീട്ടിൽ മൂന്ന് ദുരൂഹ മരണങ്ങൾ ഉണ്ടായത്. ഇതേ തുടർന്നാണ് സംഭവത്തിൽ നാട്ടുകാർക്ക് സംശയമുണ്ടായതും, അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയതും. എല്ലാവരും ഛർദിയും അതി ശക്തമായ വയറുവേദനയും മൂലമാണ് മരിച്ചത്. തനിക്കും ഇതേ അസുഖം തന്നെയാണെന്നു അഭിനയിച്ച് സൗമ്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും, എല്ലാം പൊളിഞ്ഞതോടെയാണ് അറസ്റ്റിലേയ്ക്ക് കാര്യങ്ങൾ കടന്നത്.